Thursday, 9 October 2025

കതിരിൽ വളം വയ്ക്കുന്ന പുതിയ തലമുറ...

 


ബാലന്‍ നടക്കേണ്ട വഴി, ശൈശവത്തില്‍ തന്നെ അവനെ പഠിപ്പിക്കുക. വൃദ്ധനാകുമ്പോഴും അതില്‍ നിന്നും തെറ്റിപ്പോകുകയില്ല. (സദൃശ്യ  വാക്യങ്ങൾ 22 :6) നമ്മൾ കുട്ടിക്കാലം മുതലേ ഒരു പാട് കേട്ട് പഴകിയ ഒരു വചനം ആണ് ഇത്. നമ്മുടെ ഒക്കെ മാതാപിതാക്കൾ നമ്മളെ വളർത്തിയതും ഈ വചനത്തിൽ ഊന്നിയാണ് . പക്ഷെ ഇപ്പോൾ നമ്മിൽ എത്രപേർ ഇത് ജീവിതത്തിൽ പ്രവർത്തികമാക്കുന്നുണ്ട്? എല്ലാ ജീവിത സൗകര്യങ്ങളും വർധിച്ചപ്പോൾ, എല്ലാം വിരൽ തുമ്പിൽ ലഭിക്കുന്ന കാലത്തു നാം ജീവിക്കുമ്പോൾ, അത്യാവശ്യത്തേക്കാൾ ഉപരി ആവശ്യമില്ലാത്തതു പോലും നാം മക്കൾക്കു വേണ്ടി വാങ്ങി നൽകുമ്പോൾ, നമ്മിൽ എത്ര പേര് അവർക്കു ദൈവത്തെ നൽകാറുണ്ട്? സ്വയം ചിന്തിച്ചു വിലയിരുത്തേണ്ട ചോദ്യം ആണ് ഇത് .

മുന്നേ പറഞ്ഞത് പോലെ മക്കൾ മനസ്സിൽ ഒന്ന് വിചാരിക്ക്കുമ്പോഴേക്കും നമ്മൾ അത് അവർക്കു എവിടുന്നെങ്കിലും വാങ്ങി നല്കിയിരിക്കും. എന്നിട്ടു പറയുന്ന ഭാഷ്യം നമ്മുടെ കുട്ടിക്കാലത്തൊന്നും നമുക്കിങ്ങനെ ഒന്നും ആരും വാങ്ങി തന്നില്ല. അതുകൊണ്ടു നമ്മുടെ കുട്ടികൾ ബുദ്ധിമുട്ടൊന്നും അറിയാതെ വളരട്ടെ. പക്ഷെ അതിലൊക്കെ ഉപരി നമ്മിൽ എത്ര പേര് അവരെ ദൈവത്തെ കാണിച്ചു കൊടുക്കാനും, പ്രാർത്ഥനയിൽ ജീവിക്കാനും പഠിപ്പിക്കുന്നുണ്ട്? എല്ലാ ആഴ്ചയിലും ദൈവാലയത്തിൽ കൊണ്ട് വന്നു വിശുദ്ധ ബലിയിൽ സംബന്ധിപ്പിക്കുന്ന എത്ര മാതാപിതാക്കൾ ഉണ്ട്? എന്തിനോ വേണ്ടി പള്ളി കഴിയുമ്പോൾ സൺ‌ഡേ സ്കൂളിൽ മാത്രം  കുട്ടികളെ ആക്കി പോകുന്ന മാതാപിതാക്കൾ ഒട്ടേറെ ഉള്ള ഒരു സമൂഹത്തിൽ  ആണ് നാം  ഇന്ന് ജീവിക്കുന്നത്?

കുട്ടികളുടെ ട്യൂഷനും മാതാപിതാക്കളുടെ ജോലിയും എല്ലാം കഴിഞ്ഞിട്ട് അവർക്കു പള്ളിയിൽ വരാൻ മാത്രം സമയം ഇല്ല. അല്ലെങ്കിൽ രാവിലെ എഴുന്നേറ്റു പള്ളിയിൽ വരാൻ മടി. ആകെ കൂടെ ഉറങ്ങാൻ കിട്ടുന്നതൊരു സൺ‌ഡേ ആണ് എന്നൊരു ന്യായവും . പക്ഷെ ഒന്നോർക്കുക . ഇന്ന് നിങ്ങൾ ഈ കാണുന്ന ജോലിയും മക്കളും ബാക്കി എല്ലാ സൗകര്യങ്ങളും എല്ലാം കിട്ടിയത് നിങ്ങളുടെ കഴിവ് കൊണ്ടല്ല. മറിച്ചു സർവശക്തനായ ദൈവത്തിന്റെ മഹാ കരുണയാൽ  ആണ്. ആ അനുഗ്രഹങ്ങൾക്ക് പകരമായി ആഴ്ചയിൽ ഒരു ദിവസം പോലും ദൈവാലയത്തിൽ വന്നു വിശുദ്ധ ബലിയിൽ പങ്കു ചേരാൻ പറ്റിയില്ലെങ്കിൽ മനുഷ്യാ, പിന്നെ നീ എന്തിനാണ് നിന്റെ മക്കളെ സൺ‌ഡേ സ്കൂളിൽ വിടുന്നത്? നീ എന്ത് നന്മ ആണ് അവർക്കു ചെയ്യുന്നത്? ഏതു ദൈവത്തെ ആണ് നീ അവർക്കു ജീവിതത്തിൽ പകർന്നു കൊടുക്കുന്നത്?

എന്നാല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു ചേര്‍ന്നിരുന്ന നിങ്ങളെല്ലാം ഇന്നു ജീവനോടിരിക്കുന്നു. (ആവർത്തനം 4 :4 ) നമുക്കിന്നു ലഭിച്ചിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും നമ്മൾ ചെറുപ്പം മുതലേ ശീലിച്ചു വന്ന ദൈവവമായുള്ള കൂടിച്ചേരലിന്റെ ഫലം ആണ്. എന്നാൽ നാം നമ്മുടെ ജീവിതത്തിലെ മറ്റു തിരക്കുകൾക്കിടയിൽ നമ്മുടെ കുട്ടികളെ ആ ശീലം പഠിപ്പിക്കുന്നില്ല. കണ്ണുകൊണ്ട് കണ്ടിട്ടുള്ള കാര്യങ്ങള്‍ നീ മറക്കാതെയും നിന്‍റെ ആയുഷ്ക്കാലത്തൊരിക്കലും അവ നിന്‍റെ മനസ്സില്‍നിന്നു മാറിപ്പോകാതെയും ഇരിപ്പാന്‍ സൂക്ഷിച്ച് സ്വയം ജാഗ്രതയോടെ കാത്തു കൊള്‍ക; നിന്‍റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കണം.(ആവർത്തനം 4:9 ) അതേ , നമുക്ക് കിട്ടിയ ദൈവാനുഗ്രഹങ്ങളെ മറക്കാതിരിപ്പാനും അത് കുട്ടികൾക്ക് കാണിച്ചു കൊടുക്കാനും ആയിട്ടു നാം  ചെറുപ്പത്തിലേ തന്നെ കുട്ടികളെ  പള്ളിയിൽ കൊണ്ട് വരികയും വിശുദ്ധ ആരാധനയിൽ സംബന്ധിക്കാൻ ശീലിപ്പിക്കുകയും വേണം. പള്ളി കഴിഞ്ഞേ ഉള്ളൂ പള്ളിക്കൂടം എന്ന് ഒന്ന് കൂടെ അടിവര ഇട്ടു ഓർമിപ്പിക്കട്ടെ. പള്ളിയിൽ  വരാതെ , വിശുദ്ധ ബലിയിൽ സമ്പന്ധിക്കാതെ വെറുതെ സൺ‌ഡേ സ്കൂളിൽ മാത്രം വിടുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. പല മാതാപിതാക്കളോടും ഇതേ പറ്റി  ചോദിക്കുമ്പോൾ അവർ പലപ്പോഴും കുട്ടികളുടെ മുന്നിൽ വച്ച് പല ന്യായവാദങ്ങളും നിരത്തുന്നത് കാണാം. ഇതിലൂടെ നമ്മൾ  മക്കളെ പള്ളിയിൽ  പോകാതിരിക്കാനുള്ള ഒഴിവുകഴിവുകൾ  കണ്ടു പിടിക്കാനും ഒരു പക്ഷെ പല നുണകൾ പറയാൻ കുട്ടികളെ അവർ അറിയാതെ തന്നെ പ്രേരിപ്പിക്കകയുമാണ്  ചെയ്യുന്നത്  എന്ന് മറക്കാതിരിക്കുക.

കുട്ടികൾക്ക് ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ അവർ മറ്റു പല തെറ്റായ വഴികളും തേടാതെ,  ദൈവത്തിൽ ആശ്രയിച്ചു ജീവിക്കേണ്ടതിന്നു ചെറുപ്പം മുതലേ അവരെ ശീലിപ്പിക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്. കതിരിന്മേൽ വളം വച്ചിട്ട് കാര്യമില്ല എന്ന് പഴമക്കാർ പറയുന്നത് ഇത്തരുണത്തിൽ സ്മരണീയമാണ്. ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും , പ്രതി സന്ധികൾ വരുമ്പോൾ പതറിപ്പോകാതെ ദൈവത്തിൽ ആശ്രയിച്ചു അതിനെ തരണം ചെയ്യാനും ചെറുപ്പം മുതലേ ദൈവാലയത്തിൽ കൊണ്ട് വന്നു ശീലിപ്പിക്കണമെന്നു ഓർമിപ്പിക്കുന്നു. ചുട്ടയിലെ ശീലം ചുടല വരെ.


No comments:

Post a Comment