Sunday, 9 September 2018

നഷ്ടസ്വപ്നം

നഷ്ടസ്വപ്നം 


അകലെയുള്ള ചെമ്മൺ പാതയിലൂടെ ആ കാർ  പൊടിയും പറത്തി  പോകുന്നത് വീടിന്റെ ജനാലക്കരികിൽ നിന്നും കാണുകയായിരുന്നു. അപ്പോൾ അവൾക്കു ദേഷ്യവും സങ്കടവും ഒക്കെ തോന്നി. ഒന്നുറക്കെ കരയാൻ പോലും അവൾ കൊതിച്ചു. ഒരായിരം ചോദ്യങ്ങ്ൾ അവൾ അവളോട് തന്നെ ചോദിച്ചു. പക്ഷെ ഒന്നിനും തന്റെ കൈയിൽ ഉത്തരമില്ല . തന്റെ ആരുമല്ല അയാൾ എങ്കിലും ആ കാറിൽ കയറി കണ്ണിൽ നിന്നും മറയുന്നതു കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ.

കാണാൻ അത്രയ്ക്ക് സുന്ദരനല്ലെങ്കിലും ആ മനസ്സിന്റെ സൗന്ദര്യമാണ് തന്നെ ആകർഷിച്ചത്. അയാളുടെ ചുറു  ചുറുക്കും തമാശയും എല്ലാം.  അയാൾ കൂടെ ഉണ്ടെങ്കിൽ സമയം പോകുന്നതേ അറിയില്ലായിരുന്നു. ആകാശത്തിനു കീഴെ ഉള്ള എന്തിനെ കുറിച്ചും അയാൾക്കു അറിവുണ്ടെന്നു തോന്നി. അത്രയ്ക്ക് അറിവോടെ ആയിരുന്നു അയാൾ ഓരോന്നും സംസാരിച്ചിരുന്നത്.

ഒരു ദിവസം സന്ധ്യക്ക്‌ അച്ഛന്റെ ഒപ്പം ആണ് അയാൾ ഇവിടെ വന്നത്. ഒരു കോരിച്ചൊരിയുന്ന മഴയത്തു... അടുത്തുള്ള വില്ലജ് ഓഫീസിൽ പുതുതായി വന്ന ഓഫീസർ ആണ് എന്ന് അച്ഛൻ പറഞ്ഞറിഞ്ഞപ്പോൾ കൂടുതൽ ആയൊന്നും തോന്നിയില്ല . പക്ഷെ പിന്നീട അയാൾ ഇടയ്ക്കിടെ അച്ഛനെ കാണാൻ വരുമായിരുന്നു. അവരുടെ സംസാരം കണ്ടാൽ തലമുറകളുടെ അന്തരം പോലും ഇല്ല എനിക്കുതോന്നി. പെട്ടെന്ന് തന്നെ അവർ നല്ല സുഹൃത്തുക്കളായി മാറി.

അവരുടെ സുഹൃത് സദസ്സിൽ ഞാനും അമ്മയും കേൾവിക്കാർ ആയിരുന്നു. ആകാശത്തിനു താഴെയുള്ള എന്തിനെക്കുറിച്ചും അവർ വാചാലരാകും . അങ്ങനെ ഞങ്ങളുടെ സായാഹ്നങ്ങൾ മിക്കതും അയാളുടെ സന്ദര്ശനത്താൽ സന്തോഷഭരിതമായി. ഒപ്പം എന്റെ മനസ്സിൽ ചില മോഹങ്ങളും പൊങ്ങി വന്നു . ജീവിതത്തെക്കുറിച്ചു ഞാൻ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി. മനസ്സിൽ ഒരായിരം മയിലുകൾ പീലി നിവർത്തി ആടി തുടങ്ങി...

പക്ഷെ ആകാശത്തു വെയിൽ മാറി മഴ പെയ്യാൻ ആരംഭിച്ചത് വളരെ പെട്ടെന്നായിരുന്നു. അയാൾക്കീ  ഗ്രാമത്തിൽ നിന്നും ദൂരെ ഏതോ സ്ഥലത്തേക്ക് മാറ്റം കിട്ടിയിരിക്കുന്നു. ഉടനടി അവിടെ ജോലിയിൽ പ്രവേശിക്കണം. വല്ലപ്പോഴുമൊക്കെ വരാം  എന്ന് പറഞ്ഞു യാത്രയാകുമ്പോൾ അയാളുടെ കണ്ണിലും ഒരു നഷ്ട സ്വപ്നത്തിന്റെ നനവ് പടർന്നിരുന്നു? അത് താൻ കാണാതിരിക്കാൻ വേണ്ടിയാണോ പെട്ടെന്ന് യാത്ര പറഞ്ഞു പടിയിറങ്ങിയത്? അറിയില്ല. തനിക്കൊന്നുമറിയില്ല . പക്ഷെ തന്റെ ഉള്ളിൽ ചിറകറ്റു പോയ മാടത്തയെപ്പോലെ ഒരു ഹൃദയം വേദനിക്കുന്നത് ഞാൻ അറിഞ്ഞു....

ആ വേദനയോടെ നജ്ൻ വീണ്ടും പുറത്തേക്കു നോക്കി. പക്ഷെ അവിടെ ആ കാർ  അദൃശ്യമായി. പകരം തിമിർത്തു പെയ്യുന്ന മഴ. കാറിന്റെ ശബ്ദത്തിനു പകരം മഴയുടെ ഹുങ്കാരം. തന്റെ വേദന ആ മഴയിൽ പ്രതിധ്വനിക്കുന്നതായി അവൾക്കു തോന്നി. അവൾ തന്റെ കണ്ണുനീർ മഴയായി പെയ്തിറങ്ങുന്നതും നോക്കി അവിടെ ആരെയോ പ്രതീക്ഷിച്ചു കാത്തിരുന്നു.


***********************************************************




No comments:

Post a Comment