Sunday, 9 September 2018

നഷ്ടസ്വപ്നം

നഷ്ടസ്വപ്നം 


അകലെയുള്ള ചെമ്മൺ പാതയിലൂടെ ആ കാർ  പൊടിയും പറത്തി  പോകുന്നത് വീടിന്റെ ജനാലക്കരികിൽ നിന്നും കാണുകയായിരുന്നു. അപ്പോൾ അവൾക്കു ദേഷ്യവും സങ്കടവും ഒക്കെ തോന്നി. ഒന്നുറക്കെ കരയാൻ പോലും അവൾ കൊതിച്ചു. ഒരായിരം ചോദ്യങ്ങ്ൾ അവൾ അവളോട് തന്നെ ചോദിച്ചു. പക്ഷെ ഒന്നിനും തന്റെ കൈയിൽ ഉത്തരമില്ല . തന്റെ ആരുമല്ല അയാൾ എങ്കിലും ആ കാറിൽ കയറി കണ്ണിൽ നിന്നും മറയുന്നതു കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ.

കാണാൻ അത്രയ്ക്ക് സുന്ദരനല്ലെങ്കിലും ആ മനസ്സിന്റെ സൗന്ദര്യമാണ് തന്നെ ആകർഷിച്ചത്. അയാളുടെ ചുറു  ചുറുക്കും തമാശയും എല്ലാം.  അയാൾ കൂടെ ഉണ്ടെങ്കിൽ സമയം പോകുന്നതേ അറിയില്ലായിരുന്നു. ആകാശത്തിനു കീഴെ ഉള്ള എന്തിനെ കുറിച്ചും അയാൾക്കു അറിവുണ്ടെന്നു തോന്നി. അത്രയ്ക്ക് അറിവോടെ ആയിരുന്നു അയാൾ ഓരോന്നും സംസാരിച്ചിരുന്നത്.

ഒരു ദിവസം സന്ധ്യക്ക്‌ അച്ഛന്റെ ഒപ്പം ആണ് അയാൾ ഇവിടെ വന്നത്. ഒരു കോരിച്ചൊരിയുന്ന മഴയത്തു... അടുത്തുള്ള വില്ലജ് ഓഫീസിൽ പുതുതായി വന്ന ഓഫീസർ ആണ് എന്ന് അച്ഛൻ പറഞ്ഞറിഞ്ഞപ്പോൾ കൂടുതൽ ആയൊന്നും തോന്നിയില്ല . പക്ഷെ പിന്നീട അയാൾ ഇടയ്ക്കിടെ അച്ഛനെ കാണാൻ വരുമായിരുന്നു. അവരുടെ സംസാരം കണ്ടാൽ തലമുറകളുടെ അന്തരം പോലും ഇല്ല എനിക്കുതോന്നി. പെട്ടെന്ന് തന്നെ അവർ നല്ല സുഹൃത്തുക്കളായി മാറി.

അവരുടെ സുഹൃത് സദസ്സിൽ ഞാനും അമ്മയും കേൾവിക്കാർ ആയിരുന്നു. ആകാശത്തിനു താഴെയുള്ള എന്തിനെക്കുറിച്ചും അവർ വാചാലരാകും . അങ്ങനെ ഞങ്ങളുടെ സായാഹ്നങ്ങൾ മിക്കതും അയാളുടെ സന്ദര്ശനത്താൽ സന്തോഷഭരിതമായി. ഒപ്പം എന്റെ മനസ്സിൽ ചില മോഹങ്ങളും പൊങ്ങി വന്നു . ജീവിതത്തെക്കുറിച്ചു ഞാൻ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി. മനസ്സിൽ ഒരായിരം മയിലുകൾ പീലി നിവർത്തി ആടി തുടങ്ങി...

പക്ഷെ ആകാശത്തു വെയിൽ മാറി മഴ പെയ്യാൻ ആരംഭിച്ചത് വളരെ പെട്ടെന്നായിരുന്നു. അയാൾക്കീ  ഗ്രാമത്തിൽ നിന്നും ദൂരെ ഏതോ സ്ഥലത്തേക്ക് മാറ്റം കിട്ടിയിരിക്കുന്നു. ഉടനടി അവിടെ ജോലിയിൽ പ്രവേശിക്കണം. വല്ലപ്പോഴുമൊക്കെ വരാം  എന്ന് പറഞ്ഞു യാത്രയാകുമ്പോൾ അയാളുടെ കണ്ണിലും ഒരു നഷ്ട സ്വപ്നത്തിന്റെ നനവ് പടർന്നിരുന്നു? അത് താൻ കാണാതിരിക്കാൻ വേണ്ടിയാണോ പെട്ടെന്ന് യാത്ര പറഞ്ഞു പടിയിറങ്ങിയത്? അറിയില്ല. തനിക്കൊന്നുമറിയില്ല . പക്ഷെ തന്റെ ഉള്ളിൽ ചിറകറ്റു പോയ മാടത്തയെപ്പോലെ ഒരു ഹൃദയം വേദനിക്കുന്നത് ഞാൻ അറിഞ്ഞു....

ആ വേദനയോടെ നജ്ൻ വീണ്ടും പുറത്തേക്കു നോക്കി. പക്ഷെ അവിടെ ആ കാർ  അദൃശ്യമായി. പകരം തിമിർത്തു പെയ്യുന്ന മഴ. കാറിന്റെ ശബ്ദത്തിനു പകരം മഴയുടെ ഹുങ്കാരം. തന്റെ വേദന ആ മഴയിൽ പ്രതിധ്വനിക്കുന്നതായി അവൾക്കു തോന്നി. അവൾ തന്റെ കണ്ണുനീർ മഴയായി പെയ്തിറങ്ങുന്നതും നോക്കി അവിടെ ആരെയോ പ്രതീക്ഷിച്ചു കാത്തിരുന്നു.


***********************************************************




Saturday, 1 September 2018

സൗമ്യ വധക്കേസ് വിധിയൊടൊപ്പം ഒരു സുപ്രധാന ഉത്തരവ് കൂടെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇറക്കേണ്ടതായിരുന്നു....ഇനി മുതൽ ഇന്ത്യ മഹാരാജ്യത്തെ ആരും പെണ്മക്കളെ പ്രസവിക്കാൻ പാടില്ല. പെൺകുട്ടികൾ ഉണ്ടായാൽ അല്ലേ ഇവിടെ ബലാത്സംഗവും പീഡനവും ഉണ്ടാകു...ഇവിടെ പെൺകുട്ടികൾ ഇല്ലെങ്കിൽ നമ്മുടെ ആർഷഭാരതം എത്ര സമത്വ സുന്ദരമാകും??? ഉണരൂ നീതിപീഠമേ ഉണരൂ... ഈ ഒരു ഉത്തരവുകൂടി ഇറക്കി നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഒരിക്കൽ കൂടെ സംരക്ഷണം ഉറപ്പാക്കു...അങ്ങനെ നമ്മുടെ നീതിവ്യവസ്ഥയെ ഒന്ന് കൂടെ ലോകത്തിന്റെ പരമോന്നതിയിൽ എത്തിക്കു...
നാളെ ഒരു പക്ഷേ നൂറു കണക്കിന് ഗോവിന്ദച്ചാമിമാരും കോയമാരും ഉണ്ടായേക്കാം... പക്ഷേ ശങ്കരനാരായണനെ പോലുള്ള അച്ഛന്മാർ കുറവായിരിക്കും... അപ്പോൾ സൗമ്യയുടെ അമ്മയെ പോലെ പാവം ഇവിടുത്തെ ജനങ്ങൾ നീതിക്കു വേണ്ടി എവിടെ പോകും? നമ്മുടെ നീതിദേവത കണ്ണ് മൂടി കെട്ടിയിരിക്കുകയല്ലേ? ഭാരതാംബയുടെ വിരിമാറിൽ അനേകം പെണ്മക്കളുടെ ചോര ചീന്തുന്നതറിയാതെ.. അപ്പോൾ നമ്മുടെ നീതിപീഠം ഇവരെ പോലെ ഉള്ളവർക്ക് തയ്യൽ മെഷീനും കാശും കൊടുത്തു പരിപോഷിപ്പിക്കും...ആ പെൺകുട്ടികളുടെ കണ്ണുനീർ ചോരത്തുള്ളികളായി ഇവിടെ പെയ്യും...
പ്രാവാസജീവിതം അവസാനിപ്പിച്ച് നാളെ ഞാനും ജനിച്ച മണ്ണിലേക്ക് മടങ്ങേണ്ടി വരും. ഇവിടെ ഈ മരുഭൂമിയിൽ ഞാൻ എന്ന സ്ത്രീത്വം 100% സുരക്ഷിതയാണ്.. പക്ഷേ പിറന്ന നാട്ടിൽ ???എവിടെ പോയി ഞാൻ സംരക്ഷണം തേടും??? നമ്മുടെ നീതിപീഠത്തിന്‍റെ കണ്ണുകൾ മൂടി കെട്ടിയിരിക്കുകയല്ലേ??? അല്ലയോ നീതിദേവതേ... ഇനിയെങ്കിലും ആ കറുത്തതുണി വലിച്ചെറിഞ്ഞു കാണൂ.. നിന്‍റെ സോദരിമാരുടെ വിലാപത്തെ... മറ്റൊന്നിനും വേണ്ടിയല്ല. സ്വന്തം മാനം രക്ഷിക്കാൻ വേണ്ടി ആണ് അവർ നിന്‍റെ അടുക്കൽ വരുന്നത്... കണ്ണ് തുറന്നു കാണൂ നീതിപീഠമേ... ഇനി എങ്കിലും ഉണരൂ...




ഇപ്പോൾ ആര് നേടി? പട്ടിണി മാറ്റുവാൻ വേണ്ടി ഒരു നേരത്തെ ആഹാരം മോഷ്ടിച്ചവനെ തല്ലി കൊന്നപ്പോഴും നേതാക്കന്മാർക്ക് വേണ്ടി സമരം നടത്തി രക്തസാക്ഷി ആയപ്പോഴും ആര് എന്ത് നേടി?പട്ടിണി എന്തെന്നറിയാത്ത കുറെ സദാചാര ഗുണ്ടകളും മേലാളന്മാർക് വേണ്ടി കൊന്നു കൂട്ടുന്നവന്മാരും എന്ത് നേടി? നിങ്ങൾ ഒന്നും നേടിയില്ലെങ്കിലും നിങ്ങൾക്കു നഷ്ടപ്പെടുവാൻ ഒന്നുമില്ല. പക്ഷേ ആ മരിച്ചവരുടെ വീടുകളിലേക്കൊന്നു നോക്കിയാൽ അവിടെ കാണാം.. നഷ്ടപ്പെട്ടവന്റെ വേദന. ആ വേദനയെ മാറ്റാനുള്ള ഒരു മരുന്നും നിങ്ങളുടെ ഒന്നും കൈകളിൽ ഉണ്ടാകില്ലല്ലോ. പിന്നെ എന്തിനു വേണ്ടി? ഒരു നേരത്തെ വിശപ്പ് നീ ഒക്കെ അറിഞ്ഞിരുന്നെങ്കിൽ നിന്റെ ഒന്നും കൈ ഇതിനു വേണ്ടി പൊങ്ങില്ലായിരുന്നു. സാക്ഷര കേരളമേ....ലജ്ജിക്കുന്നു നിന്നെയോർത്തു....