Friday, 7 December 2018

താലന്ത്

താലന്ത് 




                         ജെറി അവനിരുന്ന മരച്ചുവട്ടിൽ നിന്നും പതി യെ എഴുന്നേറ്റു  ഏറ്റവും മുകളിലെ പാറ ലക്ഷ്യമാക്കി നടന്നു. അവന്റെ മനസ്സ് ശൂന്യമായിരുന്നു. ചുറ്റുമുള്ള പ്രകൃതിയുടെ സുന്ദരമായ ദൃശ്യങ്ങൾ ഒന്നും അവന്റെ കണ്ണിൽ ഉടക്കിയില്ല . ഇതിനു മുന്നേ എത്രയോ തവണ ഈ പ്രകൃതി ഭംഗി  ആസ്വദിക്കാനും അത് തന്റെ കാൻവാസിലേക്ക് പകർത്തുവാനുമായി മാത്രം അവൻ ഇവിടെ വന്നിരിക്കുന്നു. അന്നൊക്കെ ഈ പ്രകൃതിയുടെ വർണങ്ങൾ മാത്രമായിരുന്നു അവന്റെ മനസ്സിൽ . ഇന്നാ മനസ്സ് ഏറ്റവും വേദനിച്ചാണ് അവൻ ഇവിടെ വന്നിരിക്കുന്നത് .

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ  ഏറ്റവും തിരക്കുള്ള ഡോക്ടർസ് ആയ ജോണിന്റെയും സൂസന്റെയും ഒരേ ഒരു മകനാണ് ജെറി. അവനെ പ്രസവിച്ചത് മുതൽ മകൻ തങ്ങളെ പോലെ തന്നെ പേരും പെരുമയും നിറഞ്ഞ ഒരു ഡോക്ടർ ആയി കാണാൻ ആണ് അവർ ആഗ്രഹിച്ചത്. അതിനു വേണ്ടി അവർ ഊണും ഉറക്കവും ഒഴിഞ്ഞു അവനെ പഠിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ജെറിക്ക് ദൈവം വരദാനമായി കൊടുത്ത ചിത്രകലയിൽ ആയിരുന്നു അവനു താല്പര്യം. ചിത്രകലയിൽ വിദേശത്തു പോയി പഠനം നടത്താൻ ആയിരുന്നു അവന്റെ സ്വപ്നം ഇതിന്റെ പേരിൽ അവനും മാതാപിതാക്കളും തമ്മിൽ കലഹങ്ങളും പതിവായിരുന്നു. അവസാനം മാതാപിതാക്കളുടെ  വാശിക്ക് മുന്നിൽ അവന്റെ എല്ലാ സ്വപ്നങ്ങളും ഉള്ളിലൊതുക്കി അവൻ മെഡിസിന് ചേർന്നു. പക്ഷെ  മനുഷ്യ ശരീരങ്ങളെ കീറി മുറിക്കുന്നത് ചിന്തിക്കാൻ  പോലും അവനു കഴിയില്ലായിരുന്നു. 

അങ്ങനെ അവൻ തന്റെ മാതാപിതാക്കളുടെ സ്വപ്നം പൂർത്തീകരിക്കാൻ  വേണ്ടി മെഡിസിനു ചേർന്നു. എന്നാൽ ഇതിനിടയിലും അവൻ അവന്റെ സ്വപ്നം കൈവിട്ടിരുന്നില്ല. അവൻ സമയം കിട്ടുമ്പോഴൊക്കെ ധാരാളം ചിത്രങ്ങൾ  വരച്ചുകൊണ്ടിരുന്നു. അങ്ങനെ അവന്റെ 4.5  വർഷത്തെ മെഡിസിൻ പഠനം കഴിഞ്ഞു. നാളെ ആണ് ഫൈനൽ എക്സാം റിസൾട്ട് വരുന്നത്. അവൻ അതിനു ജയിക്കുകയില്ല  എന്ന് അവനു നന്നായി അറിയാം. ഇതിനു മുന്നിലുള്ള വർഷങ്ങളിൽ വന്ന suppli exam ഒന്നും അവൻ വീട്ടിൽ അറിയിച്ചിരുന്നില്ല. നാളെ റിസൾട്ട് വരുമ്പോൾ വീട്ടിൽ ഒരു ഭൂകമ്പം ഉണ്ടാകുമെന്നും അവന്റെ മാതാപിതാക്കൾ അതെങ്ങനെ പ്രതികരിക്കുമെന്നും അവനു യാതൊരു നിശ്ചയവും ഇല്ലായിരുന്നു. അതുകൊണ്ടു അവനാകെ പേടിച്ചു അവന്റെ ജീവൻ ഒടുക്കാൻ വേണ്ടി ആണ് ജെറി ആ പാറക്കെട്ടിന്റെ മുകളിലേക്ക് പോയത്.

നോക്കെത്താ ദൂരത്തോളം കിടക്കുന്ന ആ മലമുകളിൽ നിന്നും താഴേക്ക് പോയാൽ അവന്റെ ശരീരം പോലും കിട്ടാൻ ബുദ്ധിമുട്ടാണെന്ന് അവനു നന്നായി അറിയാം. അവൻ അങ്ങനെ ഓരോന്നാലോചിച്ചു മലമുകളിൽ എത്തി.  അവൻ പതിയെ മലയുടെ അറ്റത്തേക്ക് നടന്നു. അവനാകെ ഭയം തോന്നി തുടങ്ങിയിരുന്നു. പക്ഷെ കൂടുതൽ ചിന്തിച്ചാൽ ധൈര്യം ചോർന്നു പോകുമെന്ന് അവനു അറിയാം. അത് കൊണ്ട് അവൻ കണ്ണുകൾ  ഇറുക്കെ പൂട്ടി താഴേക്ക് ചാടുവാൻ തയ്യാറായി. അപ്പോൾ അവന്റെ ഫോണിൽ ഒരു  ബെൽ അടിച്ചത് . അവൻ എടുത്തു നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നതായിരുന്നു.

ഹോ ഇത് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നു പോയിരുന്നല്ലോ. അവൻ അപ്പോൾ ആണ് അത് ഓർത്തത്. എന്തായാലും വന്ന ആ മെസ്സേജ് കൂടെ വായിച്ചിട്ടു സ്വിച്ച് ഓഫ്‌ചെയ്യാം എന്ന് കരുതി അവൻ അത് വായിക്കാൻ എടുത്തു.അതിൽ പുതിയ നിയമ സുവിശേഷങ്ങളിൽ കർത്താവു പറഞ്ഞ ഒരു ഉപമയായിരുന്നു.
ഒരു ധനികനായ മനുഷ്യൻ വ്യാപാര ആവശ്യങ്ങൾക്കു വേണ്ടി ദൂരയാത്രക്കൊരുങ്ങിയപ്പോൾ അവന്റെ വേലക്കാരെ  വിളിച്ചു പത്തും അഞ്ചും ഒന്നും നാണയങ്ങൾ നൽകിയതും അവൻ തിരികെ എത്തിയപ്പോൾ പത്തും അഞ്ചും കൊടുത്തവൻ അതിരട്ടിയാക്കിയതും ഒന്ന് കിട്ടിയവൻ  മാത്രം കിട്ടിയ താലന്ത് വിനിയോഗിക്കാതെ ഇരുന്നതും  ആ വ്യാപാരി താലന്ത് ശരിയായി വിനിയോഗിച്ചവർക് കൂടുതലായി കൊടുത്തതും മണ്ണിൽ കുഴിച്ചിട്ടവനെ  ശിക്ഷിച്ചതും ആയിരുന്നു ആ മെസ്സേജിലെ ഇതിവൃത്തം.

ബൈബിളിലെ ഈ ഉപമ ഒരു പാട് തവണ ജീവിതത്തിൽ കേട്ടിട്ടുള്ളതാണെങ്കിലും ഇത്തവണ വായിച്ചപ്പോൾ അത് ആരോ അവനോടു പറയുന്നതാണെന്നു ജെറിക്ക് തോന്നി. തനിക്കു കിട്ടിയ താലന്ത് ശരിയായ വിധത്തിൽ വിനിയോഗിക്കാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുകയല്ലേ എന്ന് അവനു തോന്നി. അത് അവനെ അവന്റെ തീരുമാനത്തിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.  അവൻ ആ മലമുകളിൽ നിന്നും താഴെ എത്തി അവന്റെ മനസ്സ് വല്ലാതെ കലങ്ങിയിരുന്നു. ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവൻ ബുദ്ധിമുട്ടി.  എന്ത് ചെയ്യണം എന്നറിയാതെ അവനുഴറി. വീട്ടിലേക്കു പോയാൽ നാളെ റിസൾട്ട് വരുമ്പോൾ പപ്പയെയും മമ്മയെയും എങ്ങനെ നേരിടും എന്ന് ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല. അവൻ ഒരോന്നാലോചിച്ചു നടന്നു പള്ളിയുടെ മുന്നിൽ എത്തി.

അവൻ ആലോചിച്ചു തനിക്കു എന്ത് പ്രശനം ഉണ്ടായാലും താൻ ആദ്യം ഓടി വരുന്നത് ഈ പള്ളിയുടെ നടയിൽ ആയിരുന്നു. ഇത്തവണ മാത്രം എന്തേ അതിനൊരു മാറ്റം വന്നു ? അവൻ വേഗം പള്ളിയുടെ അകത്തേക്ക് കയറി ക്രൂശിതനായ യേശുവിന്റെ തിരുസ്വരൂപത്തിനു മുന്നിൽ കൂപ്പു കൈകളോടെ നിന്ന്. അവന്റെ  സങ്കടമെല്ലാം അവിടെ ഒഴുക്കി കളഞ്ഞു. എത്ര നേരം അങ്ങനെ നിന്ന് എന്ന് പോലും അവനു അറിയില്ല. ആരോ തോളിൽ കൈ വച്ചപ്പോൾ ആണ് അവൻ അവിടെ നിന്നും തിരിഞ്ഞു നോക്കിയത്. പള്ളിയിലെ വികാരിയായ പോളച്ചൻ ആയിരുന്നു അത്.

"എന്താ ജെറി? എന്ത് പറ്റി ? നീ കുറെ നേരം ആയല്ലോ ഈ നിൽപ് തുടങ്ങിയിട്ട്." അച്ചൻ ചോദിച്ചു 
ജെറി ഒന്നും പറയാതെ വളരെ സങ്കടത്തോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി. അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖഭാവവും കണ്ടപ്പോൾ അച്ഛന് മനസ്സിലായി എന്തോ പ്രശ്നം അവനെ കാര്യമായി അലട്ടുന്നുണ്ടെന്നു.

"നീ വാ. നമുക്ക് മേടയിലേക്കു പോകാം. അവിടിരുന്നു സംസാരിക്കാം." അച്ഛൻ അവനെയും കൂട്ടി തന്റെ മുറിയിലേക്ക് പോയി. അച്ഛന്റെ മുറിയിലെത്തിയതും ജെറി പൊട്ടിക്കരയാൻ തുടങ്ങി.അച്ഛൻ അവനെ ആശ്വസിപ്പിച്ചു. "നീ കരയാതെ കാര്യം പറ ജെറി. എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാമല്ലോ." അച്ഛൻ പറഞ്ഞു

ജെറി അവിടിരുന്നു അച്ഛനോട് കാര്യങ്ങൾ പറയാൻ തുടങ്ങി. അവന്റെ പ്രതീക്ഷകളും സ്വപനങ്ങളും ഒക്കെ. ഇതേവരെ ആരോടും അങ്ങനെ അവൻ അതേക്കുറിച്ചു പങ്കു വച്ചിരുന്നില്ലാ. അങ്ങനെ പങ്കുവെക്കാൻ പറ്റുന്ന ഒരു സാഹചര്യമൊന്നും അവന്റെ വീട്ടിലും ഉണ്ടായിരുന്നില്ല. മകനെ ഡോക്ടർ ആക്കാൻ വേണ്ടി വളർത്തിയ മാതാപിതാക്കളോട് കൂടെ ആയിരുന്നല്ലോ അവന്റെ ജീവിതം .അതിനിടയിൽ അവന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും അന്വേഷിച്ചറിയാൻ അവർ മിനക്കെട്ടില്ല എന്നതാണ് സത്യം. അവൻ ഇടപെഴകുന്ന സൊസൈറ്റിയും അങ്ങനെ ആയിരുന്നു. എല്ലാം ഷോ ഓഫ് ആക്കുന്ന ഹൈ ക്ലാസ്സ് ആളുകൾ മാത്രം. എന്തിനോ  വേണ്ടി വ്യഗ്രത പെട്ടോടുന്ന  കുറെ മനുഷ്യ ജന്മങ്ങൾ. അതിനിടയിൽ സൗഹൃദത്തിനും രക്തബന്ധങ്ങൾക്കുമൊന്നും അവർ സമയം കണ്ടെത്തിയിരുന്നില്ല

എല്ലാം അച്ഛന്റെ  അടുത്ത് പറഞ്ഞു കഴിഞ്ഞപ്പോൾ അവനു മനസ്സിന് നല്ല ആശ്വാസം തോന്നി. അല്ലെങ്കിലും അതങ്ങനെ ആണല്ലോ. നമ്മുടെ സങ്കടങ്ങൾ പങ്കു വച്ച് കഴിയുമ്പോൾ പകുതിയാകുമെന്നു സന്തോഷം ഇരട്ടിക്കുമെന്നും അല്ലെ പറയുന്നത്.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു  "ഇതായിരുന്നു അല്ലെ നിന്റെ പ്രശനം? ഇത്ര നിസ്സാര കാര്യത്തിന് വേണ്ടി ആണോ ജെറി നിനക്ക് ദാനമായി കിട്ടിയ ഇ ജീവിതം നീ നശിപ്പിക്കാൻ തോന്നിയത്? നീ ഒന്നുമില്ലെങ്കിൽ MBBS  പഠിച്ചതല്ലേ? ഒരു മനുഷ്യ ജീവന്റെ വില എത്രത്തോളമുണ്ടെന്നു എന്നേക്കാൾ നന്നായി നിനക്കറിയില്ലേ?"

അവൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. പൊറുക്കാനാവാത്ത അപരാധം ആണ് താൻ ചെയ്യാൻ പോയതെന്ന് അവനു ബോധ്യമായി. അച്ഛൻ തുടർന്നു. ആരുടെ ഒക്കെയോ പ്രാർത്ഥനയുടെ ഫലം ആണ് നിനക്കപ്പോൾ കൃത്യ സമയത്തു ഒരു മെസ്സേജ് വരാനും നീ അവിടുന്ന് പോരാനും ഒക്കെ കാരണം. നീ ഇത്രനാളും ഇവിടെ വന്നു പ്രാർഥിച്ചത് ഇതിനായിരുന്നോ ജെറി? ഒറ്റ നിമിഷത്തെ ഒരു ചിന്ത കൊണ്ട് ഇല്ലാതാക്കാൻ ആണോ തമ്പുരാൻ കർത്താവു നിന്നെ ഈ ഭൂമിയിലേക്ക് വിട്ടത്. അങ്ങേർക്കു നിന്നെ കൊണ്ട് ഇനിയും ഇവിടെ പലതും ചെയ്യാനുണ്ട്.

നിനക്കു  പഠിച്ചു  ഡോക്ടർ ആകണ്ട എ ങ്കിൽ ആകേണ്ട. ഡോക്ടര് ആയില്ലെങ്കിൽ ആരും നിന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ലല്ലോ . നിന്റെ അപ്പനോടും അമ്മയോടും ഞാൻ സംസാരിക്കാം. ഈ മനുഷ്യ ശരീരത്തിന്റെ അസുഖങ്ങൾ മാത്രം കണ്ടു കണ്ടു അവർക്കിപ്പോൾ മറ്റുള്ളവരുടെ മനസ്സ് കാണാൻ പറ്റാണ്ടായി എന്നാ തോന്നുന്നേ. നീ പേടിക്കണ്ടടാ. ഇത് ഞാൻ ഓക്കേ ആക്കിക്കോളാം.  നിനക്കെന്നതാ  പഠിക്കാൻ പോകേണ്ടതെന്നു വച്ചാൽ നീ അതിനു റെഡി ആയിക്കോ.  ജോണിനെയും സൂസനെയും കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. ഇത് പോലും ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ ഈ ളോഹയും ഇട്ടു പള്ളി വികാരി ആണെന്നും പറഞ്ഞു നടക്കുന്നത് എന്തിനാടാ?  അതുകൊണ്ടു എന്റെ മോൻ പോയി അടുത്ത കോഴ്‌സിനുള്ള അഡ്മിഷൻ എടുക്കുന്നതിന്റെ കാര്യങ്ങൾ  നോക്കു. ഞാൻ നാളെ രാവിലെ തന്നെ വീട്ടിലേക്കു വരം അവരോടു ഞാൻ  സംസാരിക്കാം."

അച്ഛൻ ജെറിയെ ആശ്വസിപ്പിച്ചു പറഞ്ഞു വിടാൻ ഒരുങ്ങി. അപ്പോൾ അവൻ വീണ്ടും സംശയത്തോടെ അച്ഛന്റെ മുന്നിൽ നിന്നും പരുങ്ങി. "നീ പോകുന്നില്ലേ? ഇനി എന്താടാ നിന്റെ പ്രശനം ?" അച്ഛൻ ചോദിച്ചു

"അല്ല അച്ഛാ. ഞാൻ ആഗ്രഹിച്ചിരുന്ന കോഴ്സിനുള്ള ആപ്ലിക്കേഷൻ കൊടുക്കുന്നതിനുള്ള  ലാസ്റ് തീയതി ഇന്നാണ്."
"അതിനിപ്പോൾ എന്താ കുഴപ്പം? ഇന്ന് തീർന്നൊന്നും പൊയിട്ടില്ലല്ലോ. ഈ ദിവസം തീരാൻ മണിക്കൂറുകൾ ഇനിയും ബാക്കി ഉണ്ട്. ഓൺലൈൻ അപ്ലിക്കേഷൻ അല്ലെ? നീ വീട്ടിൽ പോയി സമാധാനമായി അയക്കാമല്ലോ."

"അതല്ല അച്ഛാ." അവൻ പകുതിയിൽ നിർത്തി.

"പിന്നെന്താടാ പ്രശനം. നീ മുഴുവൻ പറയു'

അവൻ തുടർന്നു. "ഇത് അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഉള്ള ഒരു കോഴ്സ് ആണ് ചിത്രകലയിലും ശില്പനിർമാണത്തിലും ഒരുപാടു wide ആയി നല്ല depth-ൽ പഠിക്കാൻ ഉള്ള കോഴ്സ് ആണ്. അവരുടെ initial selection round തന്നെ സാദാ university-കൾ ചെയ്യുന്നതു പോലെ ചുമ്മാ അപ്ലിക്കേഷൻ accept ചെയ്യൽ അല്ല. നമ്മൾ അവരച്ച ഒരു നല്ല പിക്ചർ എടുത്തു അതിന്റെ ഫുൾ ഡീറ്റെയിൽസ് വച്ച് അവർക്കു submit ചെയ്യണം. അവർ അതിനെ  evaluate ചെയ്തിട്ടാണ് അടുത്ത റൗണ്ടിലേക്കുള്ള selection നടത്തുന്നത്. അടുത്ത റൗണ്ടിൽ അവർ തരുന്ന ചില സബ്ജെക്ട്  വച്ച് നമ്മൾ ചിത്രം  വരച്ചു ആ ചിത്രം അയച്ചു കൊടുക്കണം . അതും കഴിഞ്ഞു 3rd റൗണ്ടിൽ ആണ് അവർ നേരിട്ട് ഇന്റർവ്യൂന് വിളിക്കുന്നത്. അതും സാധാരണ ഇന്റർവ്യൂ അല്ല . അവിടെ ചെന്ന് കഴിയുമ്പോൾ അവർ പറയുന്ന തീമിൽ അവർ പറയുന്ന ടൂൾസ് വച്ച് time limit-നുള്ളിൽ നമ്മൾ ലൈവ് ആയി വരച്ചു കൊടുക്കണം. എന്നിട്ടു നമ്മൾ അതിനെ കുറിച്ച് അവിടെ ഒരു class നടത്തുകയും വേണം.   ഇതെല്ലാം  പാസ് അയാലേ  അവിടെ അഡ്മിഷൻ കിട്ടു.

"ഇതെന്തോന്നാടെ മോനെ? എഞ്ചിനീറിംഗിന്റെയും മെഡിസിന്റെയും അഡ്മിഷന് പോലും ഇത്രയും കടമ്പ കടക്കണ്ടല്ലോ.നമ്മുടെ നാട്ടിലെ RLV ഒക്കെ ഉള്ളപ്പോൾ നീ എന്തിനാടാ അങ്ങ് അമേരിക്കയിൽ പോയി  ഇത്ര കഷ്ടപ്പെട്ട്  പഠിക്കുന്നെ? ഇവിടെ നമ്മുടെ നാട്ടിൽ എങ്ങാനും പഠിച്ചാൽ പോരായിരുന്നോ? ആ എന്ത് ചെയ്യാം ഇത് നിന്റെ ജീവിതെത്തിലെ ഏറ്റവും വലിയ സ്വപ്നം ആയി പോയില്ലേ? ഞാൻ ആണെങ്കിൽ എല്ലാം ഓക്കേ ആക്കാമെന്നു വാക്കും തന്നു. എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം.  നിന്റെ ശരിക്കുമുള്ള പ്രശനം എന്താ? എനിക്കങ്ങട് കത്തുന്നില്ല. "

"അത് അച്ഛാ ഞാൻ പറഞ്ഞില്ലേ ഇന്നാണ് അപ്ലിക്കേഷൻ submit ചെയ്യാനുള്ള last date  എന്ന്. ഞാൻ ഇതേവരെ അതിനു ഒരു പടം വരച്ചിട്ടില്ല. ഓരൊരു നല്ല തീം പോലും മനസ്സിൽ തെളിയുന്നില്ല. so  ഇന്നിനി ഞാൻ എങ്ങനെ submit  ചെയ്യും?"

"ഇത്രേ ഉള്ളോ നിന്റെ പ്രശനം? ആത്മഹത്യയുടെ വക്ക് വരെ പോയ നിന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിയ ഒരു തമ്പുരാൻ കർത്താവ് നിനക്ക് കൂട്ടായി ഉണ്ട്. അവനു  നിന്നെ കുറിച്ച് എന്തോ ഒരു വലിയ പദ്ധതി ഉണ്ട്. അതുകൊണ്ടു നീ ഒന്നും കൊണ്ട് പേടിക്കണ്ട.  നീ നന്നായി പ്രാർത്ഥിച്ചു ഒരുങ്ങി വരയ്ക്കാൻ ഇരിക്കുക. അവൻ നിനക്കതിനു ഉത്തരം നൽകും. ഇത് തിരുഹിതം അനുസരിച്ചാണെങ്കിൽ നിനക്ക് നല്ല ഒരു തീം കിട്ടും നീ അതനുസരിച്ചു വരക്കുകയും ചെയ്യും. അല്ലെങ്കിൽ വിട്ടു കളഞ്ഞേക്കുക. അവൻ നിനക്കായി ഇതിലും നല്ലതെന്തോ ഒരുക്കി വച്ചിട്ടുണ്ട്. നീ ധൈര്യമായി പൊയ്ക്കോ ജെറി. ദൈവം അനുഗ്രഹിക്കട്ടെ. "

ഇതും പറഞ്ഞു അച്ഛൻ എഴുന്നേറ്റു. ഇതെല്ലം കേട്ട് കഴിഞ്ഞപ്പോൾ ജെറിക്ക് എവിടെ നിന്നോ ഒരു ധൈര്യം വന്നു ചേർന്നത് പോലെ തോന്നി. അവൻ വേഗം എഴുന്നേറ്റു പുറത്തേക്കിറങ്ങി. "അച്ഛാ.നാളെ രാവിലെ വീട്ടിലേക്കു വരാൻ മറക്കല്ലേ? അവിടുത്തെ ഭൂകമ്പം കർത്താവിനെക്കൊണ്ടും അച്ഛനെക്കൊണ്ടും മാത്രമേ തടുക്കാൻ പറ്റൂ."

"നീ പേടിക്കേണ്ടടാ. നാളെ രാവിലെ നീ കണ്ണ് തുറക്കുമ്പോൾ ഞാൻ അവിടെ ഉണ്ടാകും. അത് പോരെ? "
"മതി അച്ചോ. നേരത്തെ കണ്ണ് തുറന്നാലും അച്ഛൻ  വന്നിട്ടേ ഞാൻ  മുറി തുറക്കൂ.  എന്നാൽ ഞാൻ പോട്ടെ." ഇതും പറഞ്ഞു ജെറി അവിടെ നിന്നും ഇറങ്ങി. തിരികെ പള്ളിയിൽ കയറി അവൻ നന്നായി  പ്രാർത്ഥിച്ചു. ഇപ്പോൾ അവന്റെ മനസ്സ് കാറ്റും കോളും അടങ്ങിയ കടലുപോലെ ശാന്തമായിരുന്നു.

അവൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ പോയി. അവിടെ ചെന്നപ്പോൾ പപ്പയും മമ്മയും അവനെ നോക്കി ഇരിക്കുവായിരുന്നു "നീ എവിടെ ആയിരുന്നു ജെറി? എത്ര നേരമായി ഞങ്ങൾ നിന്നെ വിളിക്കുന്നു?"

ഓ സോറി. എന്റെ ഫോൺ silent-ൽ ആയിരുന്നു. ഞാൻ പള്ളിയിൽ ആയിരുന്നു.

"ഹ്മ്മ് ഇന്നെന്നതാ  പ്രത്യേകിച്ച് പള്ളിയിൽ. ?"

"ഹേയ് ഒന്ന്നുമില്ല. അതിലെ വരുമ്പോൾ ഒന്ന് കയറിയതാ  പ്രാർത്ഥിക്കാൻ. പിന്നെ പോളച്ചനെ കണ്ടു കുറച്ചു നേരം സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. അതാ താമസിച്ചത്."

"നാളെ അല്ലെ നിന്റെ റിസൾട്ട് വരുന്നത്? നല്ല മാർക്ക് ഒക്കെ ഉണ്ടാകുമല്ലോ അല്ലെ? റിസൾട്ട് വന്നിട്ട് നോക്കാം ഹയർ സ്റ്റഡീസിന് എവിടെ പോകണം എന്ന്?  നിനക്കേതിൽ സ്‌പെഷലൈസ് ചെയ്യാനാ താല്പര്യം? എന്തായാലും ഇവിടെ വേണ്ട. വല്ല അമേരിക്കയിലോ യുറോപ്പിലോ മതി. അതാകുമ്പോൾ പഠനം കഴിഞ്ഞു നിനക്കവിടെ തന്നെ settle ആകാലോ "

"അതൊക്കെ പിന്നത്തെ കാര്യം അല്ലെ? എനിക്കിപ്പോൾ നല്ല തലവേദന. ഞാൻ അല്പം കിടക്കട്ടെ. ഇതും പറഞ്ഞു ജെറി റൂമിലേക്ക് പോയി "

അവൻ വേഗം റൂമിൽ പോയി വാതിൽ അടച്ചു അവന്റെ ചായക്കൂട്ടുകളും ക്യാൻവാസും എടുത്തു വരയ്ക്കാൻ ഇരുന്നു. അവനപ്പോഴേക്കും ഒരു നല്ല തീം കിട്ടിയിരുന്നു. അവന്റെ ജീവിതത്തിൽ അന്ന് സംഭവിച്ച കാര്യത്തെ തന്നെ ആണ് അവൻ കാൻവാസിലേക്ക് പകർത്തിയത്. ആത്മഹത്യയുടെ വക്കോളമെത്തിയ ഒരുവനെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ദൈവത്തിന്റെ ഒരു ചിത്രമാണ് അവൻ വരച്ചത്. അത് വരച്ചു കഴിഞ്ഞപ്പോഴേക്കും നേരം വല്ലാതെ വൈകിയിരുന്നു. ഇതിനിടയിൽ സൂസൻ അവനെ അത്താഴം കഴിക്കാൻ വിളിച്ചു എങ്കിലും വിശപ്പില്ല എന്നും പറഞ്ഞു അവൻ ഒഴിഞ്ഞു മാറി. അവൻ ആ ചിത്രം  പൂർത്തിയാക്കി നോക്കിയപ്പോൾ അവനു തന്നെ ഒരു ആത്മസംതൃപ്തി നൽകുന്ന ചിത്രമായിരുന്നു അത്. അവൻ വേഗം അതിന്റെ നല്ല ഒരു ഫോട്ടോ എടുത്തു യൂണിവേഴ്സിറ്റി സൈറ്റിൽ അപ്‌ലോഡ് ചെയ്തു . എന്നിട്ടു അവൻ സമാധാനമായി കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ അവൻ പുറത്തു നടക്കുന്ന ഒച്ചപ്പാടും ബഹളവും കേട്ടാണ് കണ്ണ് തുറന്നതു തന്നെ. അപ്പോൾ തന്നെ അവനു കാര്യം മനസ്സിലായി. അവന്റെ റിസൾട്ട് വന്നു. അവൻ  പ്രതീക്ഷിച്ചതു പോലെ തന്നെ പരാജയപ്പെട്ടു. പക്ഷെ ആ പരാജയം അവന്റെ വീട്ടുകാർക്ക് അപ്രതീക്ഷിതം ആയതിന്റെ ഭൂകമ്പം ആണ് ആ കേട്ടത്. അവൻ ഒന്ന് കൂടെ ശ്രദ്ധിച്ചു പോളച്ചൻ എത്തിയോ എന്ന്? പോളച്ചൻ എത്തിയാലേ  താൻ ഇന്ന് ഡോർ തുറന്നു അവരുടെ മുന്നിലേക്ക് പോകു എന്ന് അവർ ഉറപ്പിച്ചിരുന്നു.തന്റെ പപ്പയോടും  മമ്മയോടും വാദിച്ചു ജയിക്കാനുള്ള കഴിവൊന്നും തനിക്കില്ല എന്ന് അവനു നന്നായി അറിയാം.  കുറച്ചു നേരം കഴിഞ്ഞപ്പോൾ പോളച്ചന്റെ സൗണ്ട് കേട്ടു . അപ്പോൾ ആണ് അവനു സമാധാനം ആയത് .

Thank God . ഇനി എല്ലാം പോളച്ചൻ നോക്കിക്കോളും. ഇനി ധൈര്യമായി ഡോർ തുറക്കാം. അവൻ മനസ്സിൽ കരുതി. അവൻ എഴുന്നേറ്റു പതിയെ താഴേക്ക് ചെന്നു . അപ്പോഴേക്കും പോളച്ചൻ തലേദിവസത്തെ സംഭവങ്ങൾ എല്ലാം ജോണിനോടും സൂസനോടും പറഞ്ഞിരുന്നു. അതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർ വല്ലാതെ പേടിച്ചു പോയി. തങ്ങളുടെ തെറ്റ് അവർക്കു ബോധ്യപ്പെടുകയും ചെയ്തു.

ജെറിയെ കണ്ട സൂസൻ ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. "നിനക്കിങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അത് ഞങ്ങളോട് പറഞ്ഞാൽ പോരായിരുന്നോ? അല്ലാതെ ഇങ്ങനെ വേണ്ടാത്തതൊക്കെ ചെയ്യാൻ പോകുകയായിരുന്നോ മോനെ വേണ്ടത്?" അവർ പുലമ്പി.

"best. ഞാൻ ഇത് എത്ര തവണ ഈ വീട്ടിൽ പറഞ്ഞിട്ടുള്ളത്. അന്നൊക്കെ നിങ്ങൾ രണ്ടു പേരും  മെഡിസിന്റെ മഹത്വവും പറഞ്ഞു എന്റെ വായ്‌ അടപ്പിച്ചിട്ടില്ലേ ഉള്ളൂ? ഞാൻ  പിന്നെ വാശി പിടിച്ചു പറഞ്ഞിരുന്നു എങ്കിൽ  അന്ന് തന്നെ എന്നെ ഈ വീട്ടിൽ നിന്നും ഇറക്കി വിട്ടേനെ. എന്റെ ക്യാൻവാസും ബ്രഷും കാണുന്നതേ നിങ്ങൾക്കു അലര്ജി അല്ലായിരുന്നോ? പിന്നെ എങ്ങനെ ഞാൻ ഇത് പറയും? എനിക്ക് MBBS  താല്പര്യം ഇല്ല എന്ന് ഞാൻ പലതവണ നിങ്ങളോടു പറഞ്ഞതല്ലേ? അപ്പോൾ നിങ്ങൾ പറഞ്ഞു അത് ആദ്യത്തെ കുറച്ചു ബുദ്ധിമുട്ട് ഉളൂ. കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയായിക്കോളും എന്ന്. എന്നിട്ടിപ്പോൾ എന്തായി? ഇപ്പോഴും ബ്ലഡ് കാണുമ്പോളേ  എനിക്കു തല കറങ്ങുകയും കൈ വിറക്കുകയും ചെയ്യും "

"ഹോ അവൻ ആ എക്സാം പാസ് ആകാഞ്ഞത് നന്നായി. അത് കൊണ്ട് എത്രയോ ജീവിതങ്ങൾ രക്ഷപെട്ടു. അല്ലെങ്കിൽ ഇവൻ  ബ്ലഡ് കാണുമ്പോൾ ചിലപ്പോൾ അതെടുത്തു പടം വരക്കും; രോഗി അവിടെ കിടന്നു നിലവിളിക്കുകയും  ചെയ്യും . ഇതിപ്പോൾ എല്ലാത്തിനും ഒരു തീരുമാനം ആയല്ലോ" അച്ഛൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു .

"അച്ഛൻ രാവിലെ തന്നെ ഗോൾ അടിക്കല്ലേ" ജെറി പറഞ്ഞു.

"അല്ല എന്തായി നിന്റെ ഇന്നലത്തെ പടം വര? വല്ലതും വരച്ചോ അതോ അതും മെഡിസിന്റെ എക്സാം പോലെ ആയോ? എനിക്ക് നിന്റെ അപ്പന്റെയും അമ്മയുടേയും കൈയിൽ നിന്നും വെറുതെ  തല്ലു കൊള്ളാൻ വയ്യ "

"അയ്യോ  ഇല്ല. അത് ഞാൻ ഇന്നലെ തന്നെ കമ്പ്ലീറ്റ് ചെയ്തു യൂണിവേഴ്സിറ്റിയിൽ സബ്മിറ്റ് ചെയ്തിട്ടാ  കിടന്നത് . 2 days എടുക്കും റിസൾട്ട് വരാൻ എന്ന അവർ മെയിൽ അയച്ചത്."

"അതെന്തായാലും നന്നായി. എന്നിട്ടു എവിടെ നീ വരച്ചത്? എടുത്തിട്ട് വന്നേ. ഞങ്ങൾ ഒന്ന് കാണട്ടെ. "

ജെറി വേഗം പോയി അവൻ തലേ രാത്രി  വരച്ച പടം എടുത്തിട്ട് വന്നു.
"ആഹാ കൊള്ളാലോ.. ഇതു കണ്ടിട്ട് ഇന്നലത്തെ നിന്റെ സംഭം പോലെ തോന്നുണ്ടല്ലോ " അച്ഛൻ പറഞ്ഞു

"അതെ അത് തന്നെയാ". ജെറി മറുപടി പറഞ്ഞു

"ആഹാ നീ നിന്നെ തന്നെ മോഡൽ ആക്കിയോ ?  കൊള്ളാം എന്തായാലും സംഭവം  കലക്കിയിട്ടുണ്ട്. ഇതിനെന്തായാലും നിനക്ക് അഡ്മിഷൻ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു. നന്നായി പ്രാർത്ഥിക്കുക. ബാക്കി എല്ലാം അവന്റെ കൈയിൽ അല്ലെ? ഞാൻ ഇന്നലെ പറഞ്ഞത് പോലെ. ഇത് നിനക്ക് തരാൻ  അവനു ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് കിട്ടുക തന്നെ ചെയ്യും. മറിച്ചാണെങ്കിൽ സങ്കടപ്പെടേണ്ട കാര്യമില്ല. നിനക്കായി ഇതിലും നല്ലതു അവൻ കരുതി വച്ചിട്ടുണ്ടെന്നു കരുതുക. അതിനായിട്ടാണ് അവൻ ഇന്നലെ നിന്നെ ആ മലമുകളിൽ നിന്നും മടക്കി കൊണ്ട് വന്നത്.  So Pray well. All the very best. "

എന്നിട്ടു തിരിഞ്ഞു ജോണിനോടും സൂസനോടും ആയി പറഞ്ഞു "നമ്മുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഉപകരണങ്ങൾ അല്ല മക്കൾ. ദൈവം അവരെ ഈ ഭൂമിയിലേക്ക് വിട്ടപ്പോൾ കൈയിൽ കുറച്ചു താലന്തുകൾ കൂടെ കൊടുത്താണ് വിട്ടത്. നമ്മൾ ആ താലന്തുകൾ മനസ്സിലാക്കി അത് മുപ്പതും അറുപതും നൂറും മേനിയാക്കി വർധിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത് . ഇപ്പോൾ നിങ്ങൾക്കും അത് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. ഇനി എങ്കിലും അവൻറെ  കൂടെ നിന്ന് അവൻറെ ഇഷ്ടത്തിനനുസരിച്ചു അവനു കിട്ടിയ താലന്ത് വർധിപ്പിക്കാൻ സഹായിക്കുക. അതാണ് നല്ല മാതാപിതാക്കളുടെ ധർമം. ഇനി ഞാൻ ഇറങ്ങട്ടെ." ഇതും പറഞ്ഞു അച്ഛൻ പോയി.

ഒരു നല്ല തിരിച്ചറിവുമായി ജോണും സൂസനും ജെറിയെ ചേർത്ത് പിടിച്ചു കൂടെ നിർത്തി പുതിയ ഒരു ജീവിതം തുടങ്ങി .




*******************************************************************************




Sunday, 9 September 2018

നഷ്ടസ്വപ്നം

നഷ്ടസ്വപ്നം 


അകലെയുള്ള ചെമ്മൺ പാതയിലൂടെ ആ കാർ  പൊടിയും പറത്തി  പോകുന്നത് വീടിന്റെ ജനാലക്കരികിൽ നിന്നും കാണുകയായിരുന്നു. അപ്പോൾ അവൾക്കു ദേഷ്യവും സങ്കടവും ഒക്കെ തോന്നി. ഒന്നുറക്കെ കരയാൻ പോലും അവൾ കൊതിച്ചു. ഒരായിരം ചോദ്യങ്ങ്ൾ അവൾ അവളോട് തന്നെ ചോദിച്ചു. പക്ഷെ ഒന്നിനും തന്റെ കൈയിൽ ഉത്തരമില്ല . തന്റെ ആരുമല്ല അയാൾ എങ്കിലും ആ കാറിൽ കയറി കണ്ണിൽ നിന്നും മറയുന്നതു കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ.

കാണാൻ അത്രയ്ക്ക് സുന്ദരനല്ലെങ്കിലും ആ മനസ്സിന്റെ സൗന്ദര്യമാണ് തന്നെ ആകർഷിച്ചത്. അയാളുടെ ചുറു  ചുറുക്കും തമാശയും എല്ലാം.  അയാൾ കൂടെ ഉണ്ടെങ്കിൽ സമയം പോകുന്നതേ അറിയില്ലായിരുന്നു. ആകാശത്തിനു കീഴെ ഉള്ള എന്തിനെ കുറിച്ചും അയാൾക്കു അറിവുണ്ടെന്നു തോന്നി. അത്രയ്ക്ക് അറിവോടെ ആയിരുന്നു അയാൾ ഓരോന്നും സംസാരിച്ചിരുന്നത്.

ഒരു ദിവസം സന്ധ്യക്ക്‌ അച്ഛന്റെ ഒപ്പം ആണ് അയാൾ ഇവിടെ വന്നത്. ഒരു കോരിച്ചൊരിയുന്ന മഴയത്തു... അടുത്തുള്ള വില്ലജ് ഓഫീസിൽ പുതുതായി വന്ന ഓഫീസർ ആണ് എന്ന് അച്ഛൻ പറഞ്ഞറിഞ്ഞപ്പോൾ കൂടുതൽ ആയൊന്നും തോന്നിയില്ല . പക്ഷെ പിന്നീട അയാൾ ഇടയ്ക്കിടെ അച്ഛനെ കാണാൻ വരുമായിരുന്നു. അവരുടെ സംസാരം കണ്ടാൽ തലമുറകളുടെ അന്തരം പോലും ഇല്ല എനിക്കുതോന്നി. പെട്ടെന്ന് തന്നെ അവർ നല്ല സുഹൃത്തുക്കളായി മാറി.

അവരുടെ സുഹൃത് സദസ്സിൽ ഞാനും അമ്മയും കേൾവിക്കാർ ആയിരുന്നു. ആകാശത്തിനു താഴെയുള്ള എന്തിനെക്കുറിച്ചും അവർ വാചാലരാകും . അങ്ങനെ ഞങ്ങളുടെ സായാഹ്നങ്ങൾ മിക്കതും അയാളുടെ സന്ദര്ശനത്താൽ സന്തോഷഭരിതമായി. ഒപ്പം എന്റെ മനസ്സിൽ ചില മോഹങ്ങളും പൊങ്ങി വന്നു . ജീവിതത്തെക്കുറിച്ചു ഞാൻ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി. മനസ്സിൽ ഒരായിരം മയിലുകൾ പീലി നിവർത്തി ആടി തുടങ്ങി...

പക്ഷെ ആകാശത്തു വെയിൽ മാറി മഴ പെയ്യാൻ ആരംഭിച്ചത് വളരെ പെട്ടെന്നായിരുന്നു. അയാൾക്കീ  ഗ്രാമത്തിൽ നിന്നും ദൂരെ ഏതോ സ്ഥലത്തേക്ക് മാറ്റം കിട്ടിയിരിക്കുന്നു. ഉടനടി അവിടെ ജോലിയിൽ പ്രവേശിക്കണം. വല്ലപ്പോഴുമൊക്കെ വരാം  എന്ന് പറഞ്ഞു യാത്രയാകുമ്പോൾ അയാളുടെ കണ്ണിലും ഒരു നഷ്ട സ്വപ്നത്തിന്റെ നനവ് പടർന്നിരുന്നു? അത് താൻ കാണാതിരിക്കാൻ വേണ്ടിയാണോ പെട്ടെന്ന് യാത്ര പറഞ്ഞു പടിയിറങ്ങിയത്? അറിയില്ല. തനിക്കൊന്നുമറിയില്ല . പക്ഷെ തന്റെ ഉള്ളിൽ ചിറകറ്റു പോയ മാടത്തയെപ്പോലെ ഒരു ഹൃദയം വേദനിക്കുന്നത് ഞാൻ അറിഞ്ഞു....

ആ വേദനയോടെ നജ്ൻ വീണ്ടും പുറത്തേക്കു നോക്കി. പക്ഷെ അവിടെ ആ കാർ  അദൃശ്യമായി. പകരം തിമിർത്തു പെയ്യുന്ന മഴ. കാറിന്റെ ശബ്ദത്തിനു പകരം മഴയുടെ ഹുങ്കാരം. തന്റെ വേദന ആ മഴയിൽ പ്രതിധ്വനിക്കുന്നതായി അവൾക്കു തോന്നി. അവൾ തന്റെ കണ്ണുനീർ മഴയായി പെയ്തിറങ്ങുന്നതും നോക്കി അവിടെ ആരെയോ പ്രതീക്ഷിച്ചു കാത്തിരുന്നു.


***********************************************************




Saturday, 1 September 2018

സൗമ്യ വധക്കേസ് വിധിയൊടൊപ്പം ഒരു സുപ്രധാന ഉത്തരവ് കൂടെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇറക്കേണ്ടതായിരുന്നു....ഇനി മുതൽ ഇന്ത്യ മഹാരാജ്യത്തെ ആരും പെണ്മക്കളെ പ്രസവിക്കാൻ പാടില്ല. പെൺകുട്ടികൾ ഉണ്ടായാൽ അല്ലേ ഇവിടെ ബലാത്സംഗവും പീഡനവും ഉണ്ടാകു...ഇവിടെ പെൺകുട്ടികൾ ഇല്ലെങ്കിൽ നമ്മുടെ ആർഷഭാരതം എത്ര സമത്വ സുന്ദരമാകും??? ഉണരൂ നീതിപീഠമേ ഉണരൂ... ഈ ഒരു ഉത്തരവുകൂടി ഇറക്കി നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഒരിക്കൽ കൂടെ സംരക്ഷണം ഉറപ്പാക്കു...അങ്ങനെ നമ്മുടെ നീതിവ്യവസ്ഥയെ ഒന്ന് കൂടെ ലോകത്തിന്റെ പരമോന്നതിയിൽ എത്തിക്കു...
നാളെ ഒരു പക്ഷേ നൂറു കണക്കിന് ഗോവിന്ദച്ചാമിമാരും കോയമാരും ഉണ്ടായേക്കാം... പക്ഷേ ശങ്കരനാരായണനെ പോലുള്ള അച്ഛന്മാർ കുറവായിരിക്കും... അപ്പോൾ സൗമ്യയുടെ അമ്മയെ പോലെ പാവം ഇവിടുത്തെ ജനങ്ങൾ നീതിക്കു വേണ്ടി എവിടെ പോകും? നമ്മുടെ നീതിദേവത കണ്ണ് മൂടി കെട്ടിയിരിക്കുകയല്ലേ? ഭാരതാംബയുടെ വിരിമാറിൽ അനേകം പെണ്മക്കളുടെ ചോര ചീന്തുന്നതറിയാതെ.. അപ്പോൾ നമ്മുടെ നീതിപീഠം ഇവരെ പോലെ ഉള്ളവർക്ക് തയ്യൽ മെഷീനും കാശും കൊടുത്തു പരിപോഷിപ്പിക്കും...ആ പെൺകുട്ടികളുടെ കണ്ണുനീർ ചോരത്തുള്ളികളായി ഇവിടെ പെയ്യും...
പ്രാവാസജീവിതം അവസാനിപ്പിച്ച് നാളെ ഞാനും ജനിച്ച മണ്ണിലേക്ക് മടങ്ങേണ്ടി വരും. ഇവിടെ ഈ മരുഭൂമിയിൽ ഞാൻ എന്ന സ്ത്രീത്വം 100% സുരക്ഷിതയാണ്.. പക്ഷേ പിറന്ന നാട്ടിൽ ???എവിടെ പോയി ഞാൻ സംരക്ഷണം തേടും??? നമ്മുടെ നീതിപീഠത്തിന്‍റെ കണ്ണുകൾ മൂടി കെട്ടിയിരിക്കുകയല്ലേ??? അല്ലയോ നീതിദേവതേ... ഇനിയെങ്കിലും ആ കറുത്തതുണി വലിച്ചെറിഞ്ഞു കാണൂ.. നിന്‍റെ സോദരിമാരുടെ വിലാപത്തെ... മറ്റൊന്നിനും വേണ്ടിയല്ല. സ്വന്തം മാനം രക്ഷിക്കാൻ വേണ്ടി ആണ് അവർ നിന്‍റെ അടുക്കൽ വരുന്നത്... കണ്ണ് തുറന്നു കാണൂ നീതിപീഠമേ... ഇനി എങ്കിലും ഉണരൂ...




ഇപ്പോൾ ആര് നേടി? പട്ടിണി മാറ്റുവാൻ വേണ്ടി ഒരു നേരത്തെ ആഹാരം മോഷ്ടിച്ചവനെ തല്ലി കൊന്നപ്പോഴും നേതാക്കന്മാർക്ക് വേണ്ടി സമരം നടത്തി രക്തസാക്ഷി ആയപ്പോഴും ആര് എന്ത് നേടി?പട്ടിണി എന്തെന്നറിയാത്ത കുറെ സദാചാര ഗുണ്ടകളും മേലാളന്മാർക് വേണ്ടി കൊന്നു കൂട്ടുന്നവന്മാരും എന്ത് നേടി? നിങ്ങൾ ഒന്നും നേടിയില്ലെങ്കിലും നിങ്ങൾക്കു നഷ്ടപ്പെടുവാൻ ഒന്നുമില്ല. പക്ഷേ ആ മരിച്ചവരുടെ വീടുകളിലേക്കൊന്നു നോക്കിയാൽ അവിടെ കാണാം.. നഷ്ടപ്പെട്ടവന്റെ വേദന. ആ വേദനയെ മാറ്റാനുള്ള ഒരു മരുന്നും നിങ്ങളുടെ ഒന്നും കൈകളിൽ ഉണ്ടാകില്ലല്ലോ. പിന്നെ എന്തിനു വേണ്ടി? ഒരു നേരത്തെ വിശപ്പ് നീ ഒക്കെ അറിഞ്ഞിരുന്നെങ്കിൽ നിന്റെ ഒന്നും കൈ ഇതിനു വേണ്ടി പൊങ്ങില്ലായിരുന്നു. സാക്ഷര കേരളമേ....ലജ്ജിക്കുന്നു നിന്നെയോർത്തു....

Sunday, 21 January 2018

മാ നിഷാദാ ...

മാ നിഷാദാ ...



"ഈശ്വരാ, മീനൂട്ടി ഇതേവരെ എത്തിയില്ലല്ലോ." 

  അമ്പിളി വഴിക്കണ്ണുമായി  ആധിയോടെ നോക്കി നിന്നു. എന്ത് പറ്റി മോളെ? അമ്പിളിയുടെ നിൽപ് കണ്ടു മീനൂട്ടിയുടെ അച്ഛമ്മ  പുറത്തേക്കു വന്നു.

 "അല്ല അമ്മേ, മീനൂട്ടി വരേണ്ട സമയം കഴിഞ്ഞു. എന്നിട്ടും അവളെ കാണുന്നില്ലല്ലോ? "

"നീ ഇങ്ങനെ ആധി പിടിക്കല്ലേ. വഴിയരികിൽ വല്ല പൂച്ചയേയോ പൂമ്പാറ്റയെയോ നോക്കി നില്കുവായിരിക്കും. നീ അകത്തു പോയി കുഞ്ഞിന് വല്ലതും കഴിക്കാൻ എടുത്തു വയ്ക്കു . അപ്പോഴേക്കും അവൾ ഇങ്ങെത്തും."
അങ്ങനെ മകളെ പറഞ്ഞാശ്വസിപ്പിച്ചു  അകത്തേക്ക് വിട്ടെങ്കിലും ദേവൂട്ടി അമ്മയുടെ മനസിലും ഒരു ആധി കയറി. അമ്പിളി പറഞ്ഞത് ശരിയാണ്. മീനൂട്ടി വരേണ്ട സമയം കഴിഞ്ഞു. സ്കൂൾ ബസിൽ ആയിരുന്നു വരവ്. പക്ഷെ സ്കൂൾ ബസ് അപ്പുറത്തെ ജംഗ്ഷൻ വരെയേ വരൂ. പിന്നെയും അവൾ ഇറങ്ങി നടക്കണം. കാര്യം പറഞ്ഞാൽ ഒരു 5 മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ. പക്ഷെ കാലം വല്ലാത്തകാലമാണ്. ചോരക്കുഞ്ഞിനെ പോലും കാമഭ്രാന്തന്മാർ വെറുതെ വിടില്ല. ദൈവമേ എന്റെ കുഞ്ഞിനൊരാപത്തും  വരുത്തല്ലേ ഭഗവതി. ദേവൂട്ടി 'അമ്മ മനസ്സുരുകി പ്രാർത്ഥിച്ചു.

"അമ്മേ മീനൂട്ടി വന്നോ?" ഇതും ചോദിച്ചു കൊണ്ട് അമ്പിളി ഉമ്മറത്തേക്ക് വന്നു. അമ്പിളിയുടെ ആ ചോദ്യം ദേവൂട്ടി അമ്മയെ ചിന്തയിൽ നിന്നും ഉണർത്തി . അവർ ഒന്നുടെ ഗേറ്റിനടുത്തേക്കു നോക്കി. ഇല്ല മീനൂട്ടി അവിടെങ്ങും ഇല്ല. "ഇല്ല മോളെ". അവർ ദയനീയമായി അമ്പിളിയെ നോക്കി.
 ഈശ്വര എന്റെ മോൾ ... അമ്പിളി ഒന്നും പറയാനാവാതെ കസേരയിലേക്ക് ഇരുന്നു. നീ ഇങ്ങനെ ടെൻഷൻ ആകാതെ . ഞാൻ അച്ഛനോടൊന്നു ആ ജംഗ്ഷൻ  വരെ ഒന്ന് പോയി നോക്കാൻ പറയാം. ചിലപ്പോൾ ബസ് വല്ലയിടത്തും കേടായിട്ടു താമസിക്കുന്നതാകും. നീ ആധി  കയറി വല്ലതും വരുത്തി വയ്ക്കാതെ. ഇതും പറഞ്ഞു ദേവൂട്ടി 'അമ്മ അച്ഛനെ വിളിക്കാനായി അകത്തേക്ക് കയറിപ്പോയി.

                              ഗൾഫിൽ ആണ് മീനൂട്ടിയുടെ അച്ഛൻ രാജീവ്. അമ്പിളിയും മോളും അവിടെ ആയിരുന്നു. അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആണ് അയാൾ. അമ്പിളിയും അവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ മോളുണ്ടായി കഴിഞ്ഞപ്പോൾ അവളെ നോക്കാനുള്ള സൗകര്യത്തെ പ്രതി അമ്പിളി ആ ജോലി വിട്ടു. എന്നാലും ഒരാളുടെ ശമ്പളത്തിൽ അവർ വലിയ കുഴപ്പമില്ലാതെ ജീവിച്ചു വരികയായിരുന്നു. പക്ഷെ എണ്ണ വില വില കുറഞ്ഞതിനെ തുടർന്നുള്ള സാമ്പത്തീക മാന്ദ്യവും വർധിച്ച ജീവിത ചെലവും, കൂടെ നികുതിയും  ആയതോടെ  മറ്റേതു പ്രവാസിയുടെയും പോലെ തന്നെ രാജീവിന്റെയും ജീവിതത്തിന്റെ സാമ്പത്തീക ഭദ്രതയുടെ താളം തെറ്റിച്ചു . അങ്ങനെ ആണ് മനസ്സില്ലാ മനസ്സോടെ അയാൾ അമ്പിളിയെയും മോളെയും നാട്ടിലേക്ക് അയച്ചത്. നാട്ടിൽ വയസായ അച്ഛനും അമ്മയ്ക്കും അമ്പിളി ഒരു സഹായമാകുമല്ലോ എന്നതായിരുന്നു ഏക ആശ്വാസം. വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു സ്കൂളിൽ മീനൂട്ടിയെ ചേർത്തു.  വീടിന്റെ അടുത്തുള്ള ചില കുട്ടികൾ കൂടെ മീനൂട്ടിയുടെ സ്കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. പോക്കും വരവും അവരുടെ കൂടെ ആയിരുന്നു. 

 "മോളേ നീ പേടിക്കേണ്ട. ഞാൻ പോയി നോക്കിയിട്ടു വരാം." അച്ഛന്റെ ആ വാക്കുകൾ അമ്പിളിയെ ചിന്തയിൽ നിന്നും തിരികെ കൊണ്ട് വന്നു. അച്ഛൻ ഇതും പറഞ്ഞു പതിയെ മുറ്റത്തേക്കിറങ്ങി. എന്നിട്ടു തിരികെ നിന്ന്: "ആ ഇനി നീ ഇപ്പോൾ തന്നെ അവനെ ഇതൊന്നനും വിളിച്ചു പറയാൻ നിക്കണ്ട. അവൻ വെറുതെ പേടിക്കും.. ഒന്നാമത് മോൾ എന്ന് പറഞ്ഞാൽ അവനു ജീവനാ . വെറുതെ അവരെ കൂടെ ടെൻഷൻ അടിപ്പിക്കണ്ട. എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ. ആട്ടെ നിന്റെ കൈയിൽ ആ സ്കൂൾ ബസ് ഡ്രൈവറുടെ നമ്പർ ഇല്ലേ? അയാളെ ഒന്ന് വിളിച്ചു നോക്കിയേ. ഇനി ബസ് വല്ലയിടത്തും ബ്രേക്ക് ഡൌൺ ആണ് കിടക്കുവാണെങ്കിലോ?"

ആ ശരിയച്ഛാ. അവൾ അതും പറഞ്ഞു അകത്തു പോയി  വന്നു സ്കൂൾ ബസ്   ഡ്രൈവറെ  വിളിക്കാൻ തുടങ്ങി .

 അമ്പിളി : "ഹലോ ഞാൻ മീനാക്ഷിയുടെ അമ്മയാ . ബസ് ഇതേവരെ എന്താ  വരാത്തത്?"

ഡ്രൈവർ: "ബസ് എന്നും വരുന്ന സമയത്തു വന്നു പോയല്ലോ ചേച്ചി: ഞാൻ മീനാക്ഷിയെ ഇറക്കി വിട്ടല്ലോ."

അമ്പിളി: "ങേ ഇറക്കിവിട്ടെന്നോ? പക്ഷെ മീനൂട്ടി ..അവൾ ഇതേവരെ ഇവിടെ എത്തിയില്ലല്ലോ.. ഈശ്വരാ  എന്റെ കുട്ടി."

 ഡ്രൈവർ. അയ്യോ ചേച്ചി. ടെൻഷൻ ആകാതെ. അവൾ ചിലപ്പോൾ അവിടെ വല്ലയിടത്തും കളിച്ചോണ്ടു നില്പുണ്ടാകും. മീനൂട്ടിയുടെ അച്ഛച്ച നോടൊന്നു പോയി നോക്കാൻ പറയു. 
ഇതും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു. 

"അച്ഛാ'  ... ഒരു തേങ്ങലോടെ അമ്പിളി അച്ഛനെ വിളിച്ചു . 

"എന്ത് പറ്റി മോളെ? അയാൾ എന്ത് പറഞ്ഞു? " അച്ഛൻ  ചോദിച്ചു .

"ബസ് പതിവ് സമയത്തു തന്നെ വന്നു പോയെന്നു. മീനൂട്ടിയെ അയാൾ എന്നും ഇറക്കുന്ന അതെ സമയത്തു തന്നെ ഇറക്കി വിട്ടെന്ന്. " അമ്പിളി പറഞ്ഞു 

'അപ്പോൾ എന്റെ മോൾ?" ഇത് കേട്ട് 'അമ്മ ഒരു ഏങ്ങലോടെ  ചോദിച്ചു.

നിങ്ങൾ 2 പേരും കൂടെ ഇങ്ങനെ ടെൻഷൻ ആകാതെ. എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ. ഇതും പറഞ്ഞു രാജീവിന്റെ അച്ഛൻ ജംഗ്ഷനിലേക്കു പോയി. പക്ഷെ അവിടെ എങ്ങും അവർക്കു മീനൂട്ടിയെ  കണ്ടെത്താൻ ആയില്ല. അതോടൊപ്പം തന്നെ അമ്പിളി മീനൂട്ടിയുടെ കൂടെ പോകാറുള്ള കുട്ടികളുടെ വീടുകളിൽ അന്വേഷിച്ചു. അതിൽ മീനൂട്ടിയുടെ വീട് കഴിഞ്ഞു പോകുന്ന കുട്ടി അന്ന് അസുഖം വന്നതിനാൽ സ്കൂളിൽ പോയില്ല. മറ്റു കുട്ടികളുടെ കൂടെ മീനൂട്ടി ബസ് ഇറങ്ങി വന്നതാണ്. പക്ഷെ അവരവരുടെ വീടെത്തിയപ്പോൾ അവർ പോയി. അവസാനം മീനൂട്ടി തനിച്ചായി. അത് കഴിഞ്ഞു എന്താണെന്നു പറ്റിയതെന്ന് അവർക്കും അറിയില്ല.ഇത് കൂടെ കേട്ടപ്പോൾ അവർ ഉറപ്പിച്ചു അവരുടെ മീനൂട്ടിക്കു  അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു. അതോടുകൂടി അമ്പിളി കുഴഞ്ഞു വീണു. ദേവൂട്ടി അമ്മയും തളർന്നിരിപ്പായി. നാട്ടുകാർ സംഘം ചേർന്ന് അന്വേഷണം ആരംഭിച്ചു.

പക്ഷെ ഇതൊന്നും അറിയാതെ രാജീവയാളുടെ ജോലി തിരക്കിൽ ആയിരുന്നു. പതിവ് പോലെ ജോലി കഴിഞ്ഞു അയാൾ റൂമിൽ എത്തി ഫ്രഷ് ആയി ഭാര്യയെയും മകളെയും വിളിച്ചു. പക്ഷെ അന്ന് അമ്പിളിക്ക് പകരം ഫോൺ എടുത്തത് അമ്പിളിയുടെ  'അമ്മ ആയിരുന്നു.

രാജീവ്: "ആഹാ 'അമ്മ എപ്പോൾ വന്നു? 'അമ്മ വരുന്ന കാര്യം അമ്പിളി ഒന്നും പറഞ്ഞിരുന്നില്ലല്ലോ."
'അമ്മ: "ഞാൻ  വൈകിട്ടാ മോനെ എത്തിയത്." 
അമ്മയുടെ സുഖ വിവിയരങ്ങൾ അന്വേഷിച്ച ശേഷം രാജീവ് അമ്പിളിയെ അന്വേഷിച്ചു 
'അമ്മ: "അമ്പിളിക്ക് നല്ല സുഖമില്ല . അതുകൊണ്ടു  അവൾ കിടക്കുവാന് മോനെ. ഞാൻ നിന്നെ പിന്നീട് വിളിക്കാൻ പറയാം ". കാരണം അവർ എത്രയും വേഗം ആ സംഭാഷണം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. ഇതൊന്നും രാജീവിനെ അറിയിക്കരുതെന്നു എല്ലാവരും പറഞ്ഞിട്ടുളളതാണ്. കടലിനക്കരെ കിടക്കുന്ന അവനും കൂടെ വെറുതെ ആധി കയറ്റണ്ടല്ലോ എന്ന് കരുതി. മോളെ ഇപ്പോൾ കിട്ടും എന്ന ഒരു പ്രതീക്ഷ എല്ലാവര്ക്കും ഉണ്ടായിരുന്നു 

രാജീവ്: "അയ്യോ എന്ത് പറ്റി  അമ്പിളിക്ക്? 'അമ്മ പതിവില്ലാതെ എത്തി എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നി എന്തോ വയ്യായ്ക ഉണ്ടല്ലോ എന്ന്. മീനൂട്ടി എവിടെ?"

'അമ്മ: "ഹേയ് അമ്പിളിക്ക് ഒന്നും പറ്റിയില്ല മോനെ. അവൾക്കെന്തോ തലവേദന ആണെന്നും പറഞ്ഞു കിടന്നത്. കുറച്ചു കഴിയുമ്പോൾ എഴുന്നേൽക്കും. അപ്പോൾ നിന്നെ വിളിക്കാൻ പറയാം. മീനൂട്ടി അമ്മയുടെ കൂടെ കയറിക്കിടന്നു ഉറങ്ങി പോയി." ഇനി എന്ത് നുണ പറയും എന്നറിയാതെ അവർ കുഴങ്ങി.

രാജീവ്: "അയ്യോ മീനൂട്ടിയും ഉറങ്ങിയോ? അച്ഛന്റെ ഒച്ച കേൾക്കാതെ എന്റെ മോൾ ഉറങ്ങുന്നതല്ലല്ലോ. ഇന്നെന്തു പറ്റി അവൾക്കു?"

'അമ്മ : "അവൾ വെറുതെ അമ്പിളിയുടെ കൂടെ കയറി കിടന്നതാ. സ്കൂളിൽ പോയി വന്നതിന്റെ ക്ഷീണം കാണും. അങ്ങനെ കിടന്നുറങ്ങി പോയതാ. കുറച്ചു കഴിഞ്ഞു രണ്ടു പേരും എഴുന്നേൽക്കും അപ്പോൾ വിളിക്കാൻ പറയാം."

രാജീവ്: "ആ ശരിയമ്മേ. എന്നാൽ ഞാൻ വെക്കട്ടെ . എല്ലാവരോടും അന്വേഷണം പറഞ്ഞേരെ. "

'അമ്മ: "ശരി മോനെ."

ഇതും പറഞ്ഞു അവർ ആ സംഭാഷണം അവസാനിപ്പിച്ചു. 

'അമ്മ: "ഹോ സമാധാനമായി. ഇനിയും രാജീവ് എന്തെങ്കിലും ചോദിച്ചാൽ ഞാൻ സത്യം പറഞ്ഞു പോകുമായിരുന്നു. എന്തായാലും അതിനു മുന്നേ അവൻ കട്ട് ചെയ്തു."
"അയ്യോ ചേച്ചി രാജീവ് ഇപ്പോൾ ഒന്നും അറിയണ്ട. വെറുതെ എന്തിനാ അവൻ ടെൻഷൻ അടിക്കുന്നെ?" രാജീവിന്റെ ഇളയമ്മയാണ്  അത് പറഞ്ഞതു .

പക്ഷെ രാത്രി മുഴുവൻ സംഘം ചേർന്ന്  അന്വേഷിച്ചിട്ടും അവർക്കു മീനൂട്ടിയുടെ ഒരു വിവരവും കിട്ടിയില്ല. ഇതിനിടയിൽ അമ്പിളി വിളിക്കാത്തതിനാൽ രാജീവ് വീണ്ടും വിളിച്ചു. അപ്പോൾ ഇളയച്ഛൻ ആണ്  ഫോൺ എടുത്തത്. വേറെ നിവൃത്തി ഇല്ലാത്തതിനാൽ അവർക്കു രാജീവിനോട് സത്യം തുറന്നു പറയേണ്ടി വന്നു. അത് കേട്ട രാജീവ് തളർന്നു പോയി. ആ പാതിരാത്രിയിൽ ഏഴാം കടലിന്റെ അക്കരെ ഇരുന്നു എന്ത് ചെയ്യേണ്ടു എന്ന അവസ്ഥയായി. അപ്പോഴേക്കും അവന്റെ സുഹൃത്തുക്കൾ വിവരം അറിഞ്ഞു സഹായത്തിനായി എത്തി. അവർ ഉടനെ തന്നെ അയാളുടെ കമ്പനിയിൽ വിളിച്ചു പറയുകയും ലീവ് ശരിയാക്കി പിറ്റേന്ന് രാവിലെ തന്നെ ഉള്ള ഫ്ലൈറ്റിൽ നാട്ടിലേക്കുള്ള ടി ക്കറ്റ് എടുത്തു കൊടുത്തു. രാജീവിന്റെ പിന്നെ ഉള്ള കാര്യങ്ങൾ എല്ലാം തികച്ചും യാന്ത്രികമായിരുന്നു. അവന്റെ മനസ്സിൽ അവന്റെ മീനൂട്ടിയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ മീനൂട്ടിക്ക് ഒരാപത്തും വരുത്തരുതേ എന്ന് അവൻ അറിയാവുന്ന ദൈവങ്ങനെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു. അതിരാവിലെ തന്നെ രാജീവിന്റെ സുഹൃത്തുക്കൾ അയാളെ എയർപോർട്ടിൽ കൊണ്ട് പോയി നാട്ടിലേക്ക് കയറ്റി വിട്ടു.

നാട്ടിൽ ഒരു രാത്രി മുഴുവൻ അന്വേഷിച്ചിട്ടും അവർക്കു മീനൂട്ടിയെ കണ്ടുകിട്ടിയില്ല. രാത്രിയിൽ തന്നെ അവർ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുകയും പോലീസിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. പക്ഷെ ഒന്നുമൊന്നും ഫലം കണ്ടില്ല എന്ന് മാത്രം. ഉച്ചയാകാറായപ്പോഴേക്കും രാജീവും എത്തി. അമ്പിളിയെ കണ്ടതും അതുവരെ അടക്കിവച്ചിരുന്ന അയാളുടെ സകല നിയന്ത്രണവും വിട്ടു അയാൾ പൊട്ടിക്കരഞ്ഞു. അവരെ ഇരുവരെയും ആശ്വപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ആവുന്നത്ര ശ്രമിച്ചു.

പിന്നീട് ബന്ധുക്കളുമായി ചേർന്ന് രാജീവ് പോലീസ് സ്റ്റേഷനിൽ പോയി വിവരങ്ങൾ അറിഞ്ഞു. അത് കഴിഞ്ഞു അയാൾ എല്ലാവരോടും കൂടെ ചേർന്ന് തന്റെ പൊന്നോമനക്കായുള്ള അന്വേഷണം തുടങ്ങി. അവർ അടുത്തുള്ള കുളങ്ങളും പുഴകളും കാടുകളും അരിച്ചു പെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല . ഇനി എവിടെ, എങ്ങനെ തുടരണം എന്ന് അറിയാതെ  നേരം നന്നായി ഇരുട്ടിയപ്പോൾ അവർ അന്നത്തെ അന്വേഷണമെല്ലാം നിർത്തി വീട്ടിൽ എത്തി. പക്ഷെ ആ വീട് അപ്പോൾ ഒരു മരണവീടിനു തുല്യമായിരുന്നു. എങ്ങനെ എങ്കിലും നേരം പുലർന്നു കിട്ടിയാൽ വീണ്ടും അന്വേഷണം തുടരാൻ വേണ്ടി അവർ കാത്തിരുന്നു.

 പിറ്റേന്ന് നേരം പുലർന്നപ്പോൾ തന്നെ അവർ വീണ്ടും അന്വേഷണം തുടങ്ങി. അപ്പോഴേക്കും നാട്ടുകാരിൽ ഒരാളായ ചന്ദ്രൻ  അവരുടെ വീട്ടിലേക്കു ഓടിക്കിതച്ചെത്തി.

"എന്താ ചന്ദ്രാ, എന്ത് പറ്റി ?" രാജീവിന്റെ അച്ചൻ ചോദിച്ചു .

'അത്.. അത് പിന്നെ..' അയാൾ  പറയാൻ അല്പം മടി കാണിച്ചു. 

"നീ കാര്യമെന്താണെന്നു വെച്ചാൽ തെളിച്ചു പറ ചന്ദ്രാ." അച്ഛൻ  പറഞ്ഞു .

"അത് പിന്നെ ആ പുഴക്കക്കരെ ഉള്ള പൊന്തക്കാട്ടിൽ..." അയാൾ അതു പറഞ്ഞു തീരും മുൻപേ രാജീവും കൂട്ടരും അങ്ങോട്ട് തിരിച്ചു. അവിടെ ചെല്ലുമ്പോഴേക്കും നാട്ടുകാർ മുഴുവൻ അവിടെ കൂടിയിരുന്നു. അവർക്കിടയിലൂടെ ചെന്ന് രാജീവ് ആ കാഴ്ച കണ്ടു. അയാൾ ഒന്നേ നോക്കിയുള്ളൂ. കാക്കക്കും പരുന്തിനും കൊടുക്കാതെ താൻ ഓമനിച്ചു വളർത്തിയ തന്റെ മീനൂട്ടിയുടെ ശരീരം ഏതോ മനുഷ്യ മൃഗങ്ങൾ വലിച്ചു കീറിയിട്ടിരിക്കുന്നു...

"മീനൂട്ടി..." അയാൾ ഉറക്കെ നിലവിളിച്ചു. 

"എന്ത് പറ്റി രാജീവേട്ടാ? " രാജീവിന്റെ ഉറക്കത്തിലുള്ള നിലവിളി കേട്ട് ഉണർന്ന അമ്പിളി ചോദിച്ചു. അപ്പോൾ ആണ് താൻ കണ്ടത് മുഴുവൻ ഒരു ദുസ്വപ്നം ആയിരുന്നെന്നു അയാൾക്കു മനസ്സിലായത്. 

"മീനൂട്ടി? മീനൂട്ടി എന്തിയേ ? "അയാൾ ചോദിച്ചു.

 "മീനൂട്ടി അല്ലേ ഈ കിടന്നുറങ്ങുന്നത്." അമ്പിളി മീനൂട്ടിയെ ചൂണ്ടി പറഞ്ഞു. 

"എന്താ പറ്റിയെ രാജീവേട്ടന്? വല്ല ദുസ്വപ്നവും കണ്ടോ?"

"ഉം..." അയാൾ ഒന്നമർത്തി മൂളുകമാത്രം ചെയ്തു. 

"വേണ്ടാത്തതൊന്നും ആലോചിക്കാതെ കിടന്നുറങ്ങു." ഇതും പറഞ്ഞു അമ്പിളി തിരിഞ്ഞു കിടന്നു.

ഇല്ലാ ... എന്തൊക്കെ കഷ്ടപ്പാട് വന്നാലും ഞാൻ എന്റെ മോളെ കഴുകന്മാർക് ഇട്ടു കൊടുക്കില്ല.അല്പം ഞെരുങ്ങിയിട്ടാണേലും  ഈ മരുഭൂമിയിൽ ജീവിക്കുമ്പോൾ എന്റെ ഭാര്യയും മോളും സുരക്ഷിതരാണ്. പക്ഷേ  ജനിച്ചു വളർന്ന നാട്ടിൽ അവരെ കൊത്തികൊണ്ടു പോകാൻ കഴുകൻ കണ്ണുകളുമായി മനുഷ്യ മൃഗങ്ങൾ കാത്തിരിക്കുകയാണ്. ഇല്ല!!!അവർക്ക്  ഞാൻ ഇവരെ ഒരിക്കലും വിട്ടു കൊടുക്കില്ല. എന്ത് വന്നാലും കൊടുക്കില്ല ഇതും പറഞ്ഞു അമ്പിളിയെയും മീനുട്ടിയെയും ചേർത്ത് പിടിച്ചു അയാൾ വീണ്ടും ഉറങ്ങാൻ കിടന്നു.. നല്ല സ്വപ്നങ്ങൾക്കായി...

*********************************************************************************