Friday, 12 May 2023

അപരന്റെ സമൃദ്ധിയിൽ സന്തോഷിക്കുക

പറയുമ്പോഴും കേൾക്കുമ്പോഴും വളരെ നിസാരമെന്നു തോന്നാമെങ്കിലും കർമ്മപഥത്തിൽ കൊണ്ട് വരാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണിത്. മറ്റുള്ളവരുടെ സങ്കടത്തിൽ കൂടെ ഇരിക്കാൻ ആരെകൊണ്ടും പറ്റും. എന്നാൽ അപരന്റെ നന്മയിൽ ആത്മാർഥമായി സന്തോഷിക്കാൻ, അവനെ അനുമോദിക്കാൻ നമുക്കെത്ര പേർക്ക് സാധിക്കും. ഒരാളുടെ സങ്കടം കേൾക്കുകയോ അല്ലെങ്കിൽ അവന്റെ പ്രശ്നത്തിൽ ആശ്വസിപ്പിക്കുകയോ ചെയ്യുമ്പോൾ അവിടെ നാം ഒരു പടി ഉയർന്നാണ് നില്കുന്നത്. അവിടെ നമ്മുടെ അഹം എന്ന ഭാവം ആണ് നില നില്കുന്നത്. അതേ സമയം മറ്റുള്ളവരുടെ സമൃദ്ധിയിൽ ചേർന്ന് നിൽകുമ്പോൾ അപരൻ ഒന്നുകിൽ നമ്മുടെ ഒപ്പമോ അതുമല്ലെങ്കിൽ നമ്മെക്കാൾ ഒരു പടി മുകളിലോ ആയിരിക്കും. അപ്പോൾ നമ്മുടെ അഹം എന്ന ഭാവത്തിനു ഇടിവ് സംഭവിക്കും  ആദി പാപത്തിന്റെ മൂലകാരണമായ അസൂയ എന്ന വികാരം മനുഷ്യന്റെ മനസ്സിൽ ഉള്ളിടത്തോളം കാലം അഹം എന്ന ഭാവത്തിന് ഇടിവ് വരാൻ അവൻ അനുവദിക്കില്ല.
എന്നാൽ കർത്താവു അരുളിചെയ്ത് പോലെ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കുവാൻ ” ( മർക്കോസ് 12 : 31 ) പഠിച്ചാൽ നമ്മിൽ നിന്നും ഈ അസൂയയും വിദ്വേഷവും എല്ലാം നീങ്ങി പോകും. ഈ ലോകത്തു നാം മറ്റാരേക്കാളും സ്നേഹിക്കുന്നത് അവനവനെ തന്നെ ആണ്. അപ്പോൾ നമ്മെ പോലെ തന്നെ മറ്റുള്ളവരെ കൂടെ സ്നേഹിക്കാൻ പഠിച്ചാൽ അതിൽ കൂടുതൽ മഹത്തരമായി ഒന്നും ഇല്ല. പിന്നെ അവിടെ അഹം എന്ന അവസ്ഥ വരില്ല. നമുക്ക് ദൈവം ദാനമായി തന്ന അനുഗ്രഹങ്ങളെ നോക്കാതെ അന്യന്റെ അനുഗ്രഹങ്ങളെ എണ്ണാൻ പോകുമ്പോൾ ആണ് അസൂയ ഉടലെടുക്കുന്നത്.
നാം കുഞ്ഞുനാളിലെ മുതൽ കുഞ്ഞുങ്ങളിൽ ഒന്നാം സ്ഥാനം എന്ന മത്സര ബുദ്ധി ആണ് വളർത്തുന്നത്. അതിന്റെ ഫലമായി അവനിൽ അസൂയ എന്ന വികാരവും വളർന്നു വരുന്നു.നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.( ഗലാത്യർ 5 : 26 ). തന്മൂലം  അവന്റെ സുഹൃത്തിന്റെ വിജയത്തിൽ അവനു സന്തോഷിക്കാനോ സുഹൃത്തിനെ ആത്മാർഥമായി അഭിനന്ദിക്കാനോ അവനു കഴിയുന്നില്ല. പകരം "you do your best, God will do the rest " എന്ന ഒരു മനോഭാവം കുഞ്ഞുങ്ങളിൽ വളർത്താൻ കഴിഞ്ഞാൽ അവനു മറ്റുള്ളവരിൽ അസൂയപ്പെടാതെ അവനവന്റെ best performance നടത്താനും ഒപ്പം മറ്റുള്ളവരുടെ വിജയങ്ങളിൽ സന്തോഷിക്കാനും സാധിക്കും. നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.
( യാക്കോബ് 4 : 2 ). ദൈവത്തിൽ ശരണപ്പെട്ടു, നമുക്ക്  കിട്ടിയിരിക്കുന്ന അനുഗ്രഹങ്ങൾക്കു നന്ദിയുള്ളവരായി, ദൈവം തന്ന കഴിവുകളെ ഉപയോഗപ്പെടുത്തി നമുക്ക് മുന്നേറാം. അങ്ങനെ മറ്റുള്ളവരുടെ, സമൃദ്ധിയിൽ അവരോടൊപ്പം ആത്മാർത്ഥയി പങ്കു ചേർന്ന് സന്തോഷിക്കാൻ ദൈവം ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.