Friday, 6 December 2019

മരുപ്പച്ച

      മരുപ്പച്ച



ഒന്നടങ്ങി കിടക്കുന്നുണ്ടോ അനു  മോളേ? ഡോക്ടർ ഇപ്പോൾ വരും. നിന്റെ ഈ കുറുമ്പ് കണ്ടാൽ എനിക്കാണല്ലോ ഈശ്വരാ ചീത്ത കിട്ടുക. ഇത് നിന്റെ വീടല്ല. അതോർമ്മ വേണം.  മിനി അനുവിനെ അടക്കി കിടത്താൻ നോക്കുകയായിരുന്നു. വയസ്സ് പത്തു പന്ത്രണ്ടു   ആയെങ്കിലും ഇപ്പോഴും കൊച്ചു കുട്ടി ആണെന്നാ അവളുടെ വിചാരം. അതുകൊണ്ടു തന്നെ കുറുമ്പിനു ഒരു കുറവും ഇല്ല.

കുറച്ചു നാൾ മുന്നേ സ്കൂളിൽ വച്ച് തല കറങ്ങിയത് കൊണ്ട് ഡോക്ടറിനെ കാണിക്കാൻ ആയി കൊണ്ട് വന്നതായിരുന്നു അനുമോൾ എന്ന അനഘയെ . പിന്നീട് നടന്ന വിശദമായ പരിശോധനകൾക്കൊടുവിൽ ആണ് അവളുടെ ഒരു കിഡ്നി പ്രവർത്തന ക്ഷമം അല്ല എന്നവർ അറിഞ്ഞത്.  അവളുടെ കിഡ്നി മാറ്റി വക്കുക മാത്രമേ ഒരു പോംവഴി ഉള്ളൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ദിവസങ്ങൾ തള്ളി നീക്കുന്ന മിനിക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

തല്കാലത്തെ പിടിച്ചു നില്പിനു് ഇപ്പോൾ ഇടയ്ക്കിടെ വന്ന് ഡയാലിസിസ് ചെയ്യുകയാണ്. മിനിയുടെ കിഡ്നി അനുമോൾക് സ്വീകാര്യമാണ്. പക്ഷെ അതിന്റെ ഓപ്പറേഷന് വേണ്ടി ഉള്ള ചിലവുകൾ അവർക്കു താങ്ങാൻ വയ്യ. കുറെ സുമനസ്സുകളുടെ കാരുണ്യം വഴി ആണ് ഇപ്പോൾ ഡയാലിസിസ് തന്നെ നടക്കുന്നത്. അനുമോളുടെ അച്ഛൻ സാജൻ ഈ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ആയിരുന്നു. 2  വര്ഷം മുന്നേ വന്ന ഒരു ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ ദൈവം സാജനെ  അങ്ങ് വിളിച്ചു. അതുവരെ വലിയെ കുഴപ്പം ഇല്ലാതിരുന്ന ആ കുടുംബം എന്ന് ചെയ്യും എന്നറിയാതെ പകച്ചിരുന്നു. മിനിയോടൊപ്പം സാജന്റെ പ്രായമായ അപ്പനും അമ്മയും ഉണ്ടായിരുന്നു. അവരുടെ മരുന്നും വീട്ടിൽ ചിലവും എല്ലാം കൂടെ ആയപ്പോൾ മിനി അവളുടെ പഴയ തയ്യൽ മെഷീൻ പൊടി തട്ടി എടുത്തു. രാപകലില്ലാതെ തയ്ച്ചു കിട്ടുന്ന വരുമാനത്തിൽ നിന്നായിരുന്നു ആ കുടുംബം നടന്നിരുന്നത്. അതിനിടയിൽ ആണ് ഇടിത്തീ പോലെ ആണ് മോളുടെ അസുഖം. സാജൻ ജോലി ചെയ്തിരുന്ന ആശുപത്രി ആയിരുന്നത് കാരണം അവിടുത്തെ മാനേജ്‍മെന്റ് അവരോടു കുറച്ചു കാരുണ്യം ചെയ്യുന്നുണ്ട്. അനുമോളുടെ ചികിത്സ ചിലവിൽ നല്ല ഒരു ഇളവ് അവർ ചെയ്തു കൊടുക്കുന്നുണ്ട്. കാരണം അവിടുത്തെ മാനേജ്മെന്റിനും ഡോക്ടര്സിനും എല്ലാം ആ കുടുംബത്തിന്റെ അവസ്ഥ നന്നായി അറിയാം ഇവിടെ അവർക്കു ഒന്നും ചെയ്തു  കൊടുത്തില്ലെങ്കിൽ ആ കുരുന്നു ജീവൻ അപകടത്തിൽ ആകുമെന്ന് അവർക്കറിയാം.
പക്ഷെ ഈ ഡയാലിസിസ് ഒരു ശാശ്വത പരിഹാരം അല്ലെന്നും കിഡ്നി മാറ്റി വക്കുക മാത്രമേ ഒരു പോംവഴി ഉള്ളൂ എന്നും ഓരോ തവണ വരുമ്പോഴും മിനിയോട് ഡോക്ടർമാർ ഓർമിപ്പിച്ചുകൊണ്ട് ഇരുന്നു. പക്ഷേ  ഈ  ഭാരിച്ച  ചിലവുകൾ താങ്ങാൻ  ദൈവത്തോട് പ്രാർത്ഥിക്കുക എന്ന ഒരു വഴി മാത്രമേ അവളുടെ മുന്നിൽ തെളിയുന്നുണ്ടായിരുന്നുള്ളൂ.

കുറച്ചു കഴിഞ്ഞപ്പോൾ Dr . മാത്യു റൗണ്ട്സിനു വന്നു . അനുമോളെ  നോക്കിയിട്ടു പറഞ്ഞു 2  ഡയാലിസിസ് കൂടെ ചെയ്തിട്ടു വീട്ടിൽ പോകാം. പക്ഷെ എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവച്ചാലേ രക്ഷ ഉള്ളൂ എന്നും ഇല്ലെങ്കിൽ അനുമോളുടെ ജീവൻ അപകടത്തിലാകുമെന്നും ഡോക്ടർ പറഞ്ഞു.
ഡോക്ടർ പോയി കഴിഞ്ഞപ്പോൾ മിനി എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. അവളുടെ കണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണ് നീര് ഒഴുകാൻ തുടങ്ങി. ഇത് കണ്ട അനു  മോൾക്ക് കാര്യം മനസിലായി. അനുഭവങ്ങളുടെ തീച്ചൂളയിൽ വളരുന്നത് കൊണ്ടാകാം അവൾക്കു പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് . ആണ് പോയിരുന്നു അമ്മയെ സമാധാനിപ്പിക്കാൻ ശ്രമം നടത്തി നോക്കി.

അമ്മേ.. 'അമ്മ ഇങ്ങനെ ടെൻഷൻ ആകാതെ .അമ്മ എന്നും പ്രാര്ഥിക്കാറുള്ളതല്ലേ അനു  മോളുടെ സര്ജറിക്ക് വേണ്ടി. ആ പ്രാർത്ഥന ദൈവം കേൾകാതിരിക്കുമോ? ദൈവം എപ്പോഴെങ്കിലും എന്റെ അമ്മയുടെ പ്രാർത്ഥന കേൾക്കില്ലേ ? ഒന്നുമില്ലെങ്കിലും പപ്പാ അവിടെ ഇരുന്നു ദൈവത്തോട് നേരിട്ട് പറയില്ലേ അനു  മോളുടെ കാര്യം? അതുകൊണ്ടു 'അമ്മ പേടിക്കണ്ട. 'അമ്മ എപ്പോഴും എന്നോട് പറയാറില്ലേ മരുഭൂമിയിൽ ഹാഗാറിനെ വഴി നടത്തിയ ദൈവത്തെ കുറിച്ച്.  ഹാഗാര് ആ വിജനമായ മരുഭൂമിയിൽ ആരും സഹായിക്കാനില്ലത്തെ ഇരുന്നപ്പോൾ ദൈവത്തോട് കരഞ്ഞു വിളിച്ചത് ആർക്കു വേണ്ടിയാ. തന്റെ എല്ലാമെല്ലാമായ കുഞ്ഞിന് വേണ്ടി അല്ലെ? ആ അമ്മയുടെ കണ്ണുനീർ ദൈവം കണ്ടില്ലേ? അത് പോലെ തന്നെ നമുക്കും മരുഭൂമിയിൽ മരുപ്പച്ച   പോലെ ഒരു വഴി ദൈവം കാണിച്ചു തരും. അതുകൊണ്ടു എന്റെ സുന്ദരി 'അമ്മ ഇനി കരയണ്ട കേട്ടോ. 'അമ്മ കരഞ്ഞാൽ എനിക്കും സങ്കടമാകില്ലേ? ഇത് പറഞ്ഞു അവൾ മിനിയോട്  ചേർന്നിരുന്നു അവളെ കെട്ടിപ്പിടിച്ചു.

അതുകേട്ടപ്പോൾ മിനിക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞു ആണ് വീണ്ടും അവളുടെ കുറുമ്പുകളുമായി ആ ആശുപത്രി വരാന്തയിലൂടെ ഓടി നടക്കുകയായിരുന്നു. അപ്പോഴാണ്
സുധിഷ് ആ ആശുപത്രിയുടെ  വരാന്തയിലൂടെ ഒരു ഭ്രാന്തനെ പോലെ ഓടി വന്നത് .  തന്റെ എല്ലാമെല്ലാമായ  മീനൂട്ടിക്ക് അപകടമുണ്ടായി എന്നാ വാർത്ത കേട്ടയുടനെ അയാൾ ഓഫീസിൽ നിന്നും ഇറങ്ങി ഓടിയതാണ്.
പതിവ് പോലെ രാവിലെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു ഉമ്മയും കൊടുത്തു സ്കൂളിലേക്കു പോയതാണ്  മീനൂട്ടി. റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു ലോറി വന്നിടിച്ചതാണെന്ന സ്കൂളിൽ നിന്ന്നും പറഞ്ഞത്. ഇന്ന് ട്യൂഷൻ ഉള്ളത് കാരണം സ്കൂൾ ബസ് ഒഴിവാക്കിയതാണ് എല്ലാത്തിനും കാരണം. അയാൾ ഓരോന്നോർത്തോണ്ടു ഓടുകയായിരുന്നു. ദൈവമേ ... എന്റെ മീനൂട്ടിക്ക് ഒന്നും വരുത്തല്ലേ. അയാൾ അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു.

പെട്ടെന്നാണ് ആരോ എറിഞ്ഞിട്ടു പോലെ ഒരു കുട്ടി വന്നു അയാളെ ഇടിച്ചത്.ആ ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും നിലത്തേക്ക് വീണു. എന്താ കുട്ടി, നിനക്കൊന്നും കണ്ണ് കാണില്ലേ? നാശം പിടിക്കാൻ ഓരോന്നുങ്ങള് .. അയാൾ ദേഷ്യപ്പെട്ടോണ്ടു എഴുന്നേറ്റു.

സോറി അങ്കിൾ.. ഞാൻ പെട്ടെന്ന് കണ്ടില്ല
അനുമോൾ എന്ന് വിളിക്കുന്ന അനഘ ആയിരുന്നു അത്. അവൾ വേഗം സോറി പറഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.

അപ്പോഴേക്കും സുധീഷ് അവിടുന്നും ഓപ്പറേഷൻ തീയേറ്റർ  ലക്ഷ്യമാക്കി ഓട്ടം തുടർന്നിരുന്നു. ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ എത്തുമ്പോൾ സുധീഷിന്റെ ഭാര്യ ലക്ഷ്മി കരഞ്ഞു തളർന്നു അവിടെ ഉണ്ടായിരുന്നു.  രണ്ടു പേരുടെയും അച്ഛനമ്മമാരും ബന്ധുക്കളും ഉണ്ടായിരുന്നു. എല്ലാവരെയും കണ്ടപ്പോൾ സുധീഷ് ഒന്ന് കൂടെ പേടിച്ചു . അപ്പോഴേക്കും വേഗം അവന്റെ അച്ഛൻ അടുത്തേക്ക് വന്നു.

അച്ഛാ.. എന്റെ മോൾ

നീ പേടിക്കണ്ട. മീനൂട്ടിക്ക് ദൈവാനുഗ്രഹം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല . അവൾ ലോറി ഇടിച്ചു തെറിച്ചു വീണപ്പോൾ തല ഇടിച്ചാണ് വീണത്. അതിന്റെ ആഘാതത്തിൽ തകൾക്കു ചെറുതായി പൊട്ടൽ പറ്റി

അച്ഛാ എന്റെ മോൾ..

നീ പേടിക്കണ്ട. സമയത്തു എത്തിച്ചത് കൊണ്ട് അവളെ നമുക്ക് ഒരു കുഴപ്പവും കൂടാതെ തിരികെ കിട്ടും . ഒരു സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. നീ വരാൻ  വൈകിയത് കൊണ്ട് ഞങ്ങൾ സമ്മതം ഒപ്പിട്ടു കൊടുത്തു. ഇപ്പോൾ അവളുടെ സർജറി അകത്തു നടക്കുവാ. പേടിക്കാൻ ഒന്നും ഇല്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

അധികം താമസിയാതെ സർജറി കഴിഞ്ഞു ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു വന്നു. ഡോക്ടനെ കണ്ടതും സുധീഷും എല്ലാവരും കൂടെ ഡോക്ടന്റെ അടുത്തേക്ക് പോയി.

മീനൂട്ടിക്ക് കുഴപ്പമൊന്നും ഇല്ല. സമയത്തു എത്തിച്ചത് കൊണ്ട് ഞങ്ങൾക്ക് പ്രോപ്പർ ആയിട്ടുള്ള ട്രീറ്റ്മെന്റ്  കൊടുക്കാൻ പറ്റി . സർജറി എല്ലാം ഭംഗി ആയി കഴിഞ്ഞു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം . അവൾ ഇപ്പോൾ സെഡേഷന്റെ മയക്കത്തിൽ ആണ് . മയക്കം കഴിയുമ്പോൾ അച്ഛനും അമ്മയ്ക്കും കയറി കാണാം. പക്ഷെ ഒരു പാട് സ്‌ട്രെയിൻ കൊടുക്കണ്ട. എന്തായാലും കുറച്ചു ദിവസം ഇവിടെ കിടക്കേണ്ടി വരും . അത് കഴിഞ്ഞു  നമുക്ക് നോക്കാം . ഞാൻ പറഞ്ഞത് മറക്കണ്ട. ഇപ്പോൾ അവൾ റസ്റ്റ് എടുക്കട്ടേ. അവളെ കണ്ടിട്ട് അധികം ശല്യം ചെയ്യണ്ട. .ഇത് കഴിഞ്ഞു ഡോക്ടർ നേഴ്സ്മാർക്‌ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ടു പോയി.

കുറച്ചു കഴിഞ്ഞപ്പോൾ മീനൂട്ടിയുടെ ബോധം തെളിഞ്ഞു അച്ഛനോടും അമ്മയോടും അകത്തു കയറി കണ്ടോളാൻ നേഴ്സ്മാർ അവർക്കു അനുവാദം കൊടുത്തു . മോളെ കണ്ടു കഴിഞ്ഞപ്പോൾ അവളുടെ തലയെല്ലാം കെട്ടി വച്ചിരിക്കുന്നത് കണ്ടപ്പോൾ ലക്ഷ്മിയും സുധീഷും വിഷമിച്ചു എങ്കിലും പേടിക്കാൻ ഒന്നും ഇല്ല മുറിവുണങ്ങുമ്പോൾ എല്ലാം ശരിയാകും എന്ന നഴ്‌സിന്റെ വാക്കിൽ അവർ ആശ്വാസം കണ്ടെത്തി. മോളികുഭയപ്പെട്ടതു പോലെ ഒന്നും ഇല്ല എന്ന് കണ്ടു അവർ അത്യധികം ആശ്വസിച്ചു.

എല്ലാളും മോളെ. റോഡ് ക്രോസ്സ്  ചെയ്യുമ്പോൾ സൂക്ഷിക്കണം എന്ന് ഞാൻ നിന്നോട് എത്ര തവണ പറഞ്ഞിരിക്കുന്നതാ. ഇപ്പോൾ കണ്ടില്ലേ ? ബാക്കി ഉള്ളവൻ ഇത്ര നേരവും തീ തിന്നുവായിരുന്നു. ലക്ഷ്മി പറഞ്ഞു.

സാരമില്ലെടോ. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. തന്നെയുമല്ല മോളെ ഇപ്പോൾ വിഷമിപ്പിക്കരുതെന്നല്ലേ ഡോക്ടർ പറഞ്ഞിരിക്കുന്നത്. മോൾ വിഷമിക്കണ്ട. 'അമ്മ അമ്മയുടെ സങ്കടം കാരണം പറഞ്ഞതാ. മോൾ വേഗം സുഖമായി നമുക്ക് വീട്ടിൽ പോകാട്ടോ . അയാൾ മീനൂട്ടിയോട് പറഞ്ഞു.

സർ. ഇവിടെ അധികം സമയം നിങ്ങളെ നിർത്താൻ പറ്റില്ല. പുറത്തോ അല്ലെങ്കിൽ റൂമിലോ ഇരുന്നോളു. എന്താവശ്യമുണ്ടെങ്കിലും ഞങ്ങൾ വിളിച്ചോളാം . ഡ്യൂട്ടി നേഴ്സ് വന്നു പറഞ്ഞു.

ശരി ഞങ്ങൾ പുറത്തിരുന്നോളാം . സുധീഷ് ലക്ഷ്മിയെയും കൂട്ടി പുറത്തേക്കിറങ്ങി.

ഞാൻ എന്റെ മോളുടെ അടുത്ത് ഇരുന്നോളാം... ലക്ഷ്മി പറഞ്ഞു.

സോറി മാഡം. ഇപ്പോൾ അത് പറ്റില്ല. മാഡം പുറത്തിരുന്നോളു. എന്തുണ്ടെങ്കിലും ഞങ്ങൾ അപ്പപ്പോൾ അറിയിച്ചോളാം.

നീ വാ ലക്ഷ്മി. നമുക്ക് പുറത്തിരിക്കാം. അവർക്കു അവരുടെ റൂൾസ് നോക്കിയല്ലേ പറ്റു .
ഇതും പറഞ്ഞു അയാൾ അവളുടെ കൈയും  പിടിച്ചു പുറത്തേക്കു പോയി ..
പുറത്തിരിക്കുന്നത്‌ ഓരോ മണിക്കൂറും ഓരോ യുഗങ്ങൾ ആയി അവർക്കു തോന്നി. വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ട് അവർ സഹിച്ചു
അങ്ങനെ ഇരുന്നപ്പോൾ ആണ് അനുമോൾ ആയ വഴി വീണ്ടും അതിലെ വന്നത്. സുധീഷിനെ കണ്ടപ്പോൾ അവൾ അല്പം പേടിച്ചു ദൂരേക്ക്‌ മാറി നിന്ന്. അത് കനടപ്പോൾ സുധീഷ് അവളെ അടുത്തേക്ക് വിളിച്ചു.
മോൾ ഇങ്ങു വന്നേ ?
 അവൾ പതിയെ അടുത്തേക്ക് ചെന്നു 
എന്താ മോൾ പേടിച്ചിരിക്കുനന്തു? അങ്കിളിനെ പേടി ആണോ?
ഉം അവൾ തലയാട്ടി 
മോൾ എന്തിനാ പേടിക്കുന്നത്? അങ്കിൾ ഒന്നും ചെയ്തില്ലല്ലോ മോളെ 
അന്ന് ഞാൻ അറിയാതെ വന്നു ഇടിച്ചത് അങ്കിളിനെ . സോറി. അവൾ അതും പറഞ്ഞു മുഖം താഴ്ത്തി നിന്നു. 
അയാൾക്കാണെങ്കിൽ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അന്ന് മീനൂട്ടിക്കു ആക്സിഡന്റ് പാട്ടി എന്ന് കേട്ട മാത്രയിൽ അയാൾ വന്നതാണ്. അപ്പോൾ വഴിയിൽ എന്തൊക്കെയാ സംഭവിച്ചതെന്ന് പോലും അയാൾ ശ്രദ്ധിച്ചിരുന്നില്ല.

അനുമോൾ അന്ന് ഉണ്ടായതു അയാളോട് വീണ്ടും പറഞ്ഞു. അപ്പോൾ ആണ് അയാൾക്കതെല്ലാം  ഓര്മ വന്നത്. അപ്പോൾ സുധീഷ് അനുമോളെ  ചേർത്ത് പിടിച്ചു പറഞ്ഞു. സാരമില്ല കേട്ടോ. അങ്കിളിനും  ഉണ്ട് മോളുടെ അതെ പ്രായത്തിൽ ഒരു മോൾ. മീനൂട്ടി ആ മീനൂട്ടിക്ക് അന്നൊരു ആക്സിഡന്റ് പറ്റി ഇവിടെ കൊണ്ട് വന്നിരിക്കുകയായിരുന്നു . അതുകൊണ്ടു അങ്കിൾ ആധി പിടിച്ചു ഓടിവന്നപ്പോൾ ആണ്  മോൾ വന്നിടിച്ചിത്. അപ്പോഴത്തെ ടെൻഷൻ കാരണം ആണ് അങ്കിൾ അന്ന് അങ്ങനെ പറഞ്ഞത്. സാരമില്ല കേട്ടോ. മോൾ അങ്കിളിനെ പേടിക്കണ്ട.

ആട്ടെ എന്താ ഈ കൊച്ചു മിടുക്കിയുടെ പേര് ?
അനഘ .. അനുമോൾ എന്ന് എല്ലാവരും വിളിക്കും 
മോൾ ഏതു ക്ലാസ്സിലാ പഠിക്കുന്നത്?
അത് ചോദിച്ചതും അവളുടെ മുഖം താഴ്ന്നു.
അത് കണ്ടു അയാൾക്കും സങ്കടം ആയി 
എന്തു പറ്റി  മോളെ?
ഒന്നുമില്ല . ഞാൻ സ്കൂളിൽ പോകുന്നില്ല അങ്കിൾ 
അയ്യോ അതെന്ന പറ്റി ? മോൾക്ക് പഠിക്കാൻ ഇഷ്ടമല്ലേ ?

എനിക്ക് പഠിക്കാൻ ഒക്കെ ഇഷ്ടമാ. പക്ഷെ എങ്കില് എന്റെ ഈ അസുഖം കാരണം ഇപ്പോൾ ഷൂലിൽ പോകാൻ പറ്റാറില്ല.
അയ്യോ. അതിനു മോൾക്കെന്താ അസുഖം ?
ആഹാ അനുമോളേ നീ ഇവിടെ ഇരിക്കുവായിരുന്നോ ? ഞാൻ  എവിടെ ഒക്കെ നിന്നെ തിരഞ്ഞു എന്നറിയാമോ? അനുവിനെ അന്വേഷിച്ചു വന്ന മിനി അവളെ കണ്ടെത്തിയ ആശ്വാസത്തിൽ അവിടെ നിന്നു. എന്നിട്ടു സുധീഷിനെയും ലക്ഷ്മിയെയും മാറി മാറി നോക്കി. ഇവരൊക്കെ ആരാ എന്ന അർത്ഥത്തിൽ .

അപ്പോൾ സുധീഷ് പറഞ്ഞു. പേടിക്കണ്ട. ഞങ്ങൾ അനുമോൾ ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോള് . അവൾ ഇന്ന് രാവിലെ ഉണ്ടായ ഒരു ആക്‌സിഡന്റിൽ ഇവിടെ അഡ്മിറ്റാണ്. അകത്തേക്കു  ആരെയും കടത്തില്ല. അതാ ഞങ്ങൾ ഇവിടെ ഇരിക്കുനന്തു. അപ്പോൾ ആണ് അനുമോൾ വന്നത്. ഞങ്ങൾ വെറുതെ അവളോട് അവളുടെ വിശേഷങ്ങൾ ചോദിക്കുവായിരുന്നു .

അയ്യോ..അവൾ സംസാരം തുടങ്ങിയാൽ പിന്നെ നിർത്തില്ല സാറെ. ഉള്ള പട്ടിയുടെയും പൂച്ചയുടെയും നാട്ടിലുളള സകലത്തിന്റെയും വിശേഷം പറഞ്ഞു കൊണ്ടി രിക്കും. അവസാനം നിങ്ങൾ ബോർ അടിക്കും . വാ ആണ്. വെറുതെ അവരെ ബുദ്ധിമുട്ടിക്കാതെ. അവൾ അനുവിനെ  പിടിച്ചു വലിച്ചു.

ഹേയ് അത് സാരമില്ല. അവളുടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്. അവൾ ഇവിടെ ഇരുന്നോട്ടെ .അയ്യോ അതുവേണ്ട. അവൾക്കു അടുത്ത മരുന്ന് കഴിക്കാനുള്ള സമയമായി . അതിനു മുന്നേ ഇവളെ വല്ലതും കഴിപ്പിക്കട്ടെ .
എന്നാൽ ശരി മോളെ. മോള് പോയി ഭക്ഷണവും മരുന്നുമൊക്കെ കഴിച്ചു മിടുക്കി ആവൂ. എന്നാൽ അല്ലെ വേഗം അസുഖമൊക്കെ മാറി വീട്ടിൽ പോകാൻ പറ്റൂ.
ഹോ എന്റെ ഈ അസുഖമൊന്നും അങ്ങനെ എളുപ്പം മാറുമൊന്നും ഇല്ല അങ്കിൾ. അതിനു സർജറി തന്നെ വേണമെന്ന ഡോക്ടർമാർ പറയുന്നേ.പക്ഷേങ്കില്.... അവൾ അർധോക്തിയിൽ നിർത്തി. അപ്പോഴേക്കും മിനി
നിന്നോട് ഇങ്ങോട്ടു വരാണല്ലേ പറഞ്ഞത് അനു  എന്നും പറഞ്ഞു  കൈയിൽ പിടിച്ചു ശക്തിയിൽ വിളിച്ചോണ്ട് പോയി.

അത് കേട്ടപ്പോൾ ലക്ഷ്മിയും സുധീഷും പരസപരം ഒന്നും മനസിലാകാതെ നോക്കി. വീണ്ടും അവർ തങ്ങളുടെ മീനൂട്ടിയുടെ വിചാരങ്ങളിലേക്കു പോയി. മീനൂട്ടിക്ക് വിശേഷിച്ചൊന്നും ഇല്ലാത്തതുകൊണ്ട് സുധീഷ് പതിയെ അവിടെ ചാരിയിരുന്നു മയങ്ങാൻ തുടങ്ങി .

അപ്പോൾ ആണ് എന്തൊക്കെയോ ബഹളം കേട്ട് അവർ ചാടി എഴുന്നേറ്റത്. നോക്കുമ്പോൾ കുറെ ഡോക്ടർമാരും ന്റ്സെമാരും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടു ഓടുന്നു. ആകെ ഒരു കലുഷിതമായ അന്തരീക്ഷം. അവിടെ എന്താണ് നടക്കുന്നതെന്ന് ആർക്കും ഒന്നും മനസ്സിൽമനസ്സിലായില്ല. അവർ പേടിയോടെ മീനൂട്ടി കിടക്കുന്ന മുറിയുടെ ചില്ലു ജാലകത്തിലൂടെ അകത്തേക്ക് നോക്കി. മീനൂട്ടി ഒന്നും അറിയാതെ ഗാഢമായ ഉറക്കത്തിൽ ആണെന് അവർക്കു മനസ്സിലായി. അപ്പോൾ ആണ് അവർക്കു ആശ്വാസം ആയതു. പക്ഷെ ഇവിടെ നടക്കുന്നത്  ആരോടെങ്കിലും ഒന്ന് ചോദിക്കണമെന്ന് ഉണ്ട്. പക്ഷെ എല്ലാ നേഴ്സ്മാരും തിരക്കിൽ ആണ്. കുറച്ചു കഴിയട്ടെ.അപ്പോൾ ചോദിക്കാം അവർ കരുതി . പക്ഷെ അപ്പോഴേക്കും ഒരു സ്‌ട്രെച്ചറിൽ ഓക്സിജൻ  ഒക്കെ കൊടുത്തുകൊണ്ട് അനുമോളെ  വേഗം കൊണ്ടു പോകുന്നത് അവർ കണ്ടു. പിന്നാലെ അവളുടെ അമ്മയും കരഞ്ഞു വിളിച്ചോണ്ട് ഓടുന്നുണ്ട്. അപ്പോൾ അത് വഴി വന്ന ഒരു അറ്റെൻഡറോട് അവർ കാര്യങ്ങൾ ചോദിച്ചു.

അയാൾ പറഞ്ഞപ്പോൾ ആണ്  അവർക്കു അനുമോളുടെ രോഗവിവരത്തെയും അവരുടെ വീട്ടിലെ അവസ്ഥയെക്കുറിച്ചും ബോധ്യം വന്നത്.

കഷ്ടമാണല്ലോ അവരുടെ കാര്യം... ലക്ഷ്മി പറഞ്ഞു.
ഉം... സുധീഷ് ഒന്ന് മൂളി. എന്നിട്ടു വേഗം അനുമോളെ കൊണ്ട് പോയ വഴിക്കു അയാളും  പോയി. കുറച്ചു ചെന്ന് കഴിഞ്ഞപ്പോൾ ഡയാലിസിസ് യൂണിറ്റിന്റെ മുന്നിൽ മിനിയെ കണ്ടു. ലക്ഷ്മി വേഗം പോയി അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ഡയാലിസിസ് യൂണിറ്റിന്റെ വാതിൽ തുറന്നു Dr . മാത്യു പുറത്തേക്കു വന്നു. എന്നിട്ടു മിനിയോടായി പറഞ്ഞു . എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവെക്കണം. ഇനി മറ്റൊന്നും നമുക്ക് ചെയ്യാൻ ഇല്ല. ഇന്നെങ്കിലും ഇന്ന് തന്നെ സർജറി നടത്തണം . ഇല്ലെങ്കിൽ അനുമോൾ.. അയാൾ അത് മുഴുമിക്കാതെ നടന്ന് നീങ്ങി . ഇത് കേട്ടതും മിനി ഒരു ഏങ്ങലടിയോടു കൂടെ നിലത്തേക്കിരുന്നു. എന്തു ചെയ്യും എന്റീശ്വരാ ഞാൻ  എന്റെ മോളെ . അവൾ പുലമ്പി കൊണ്ടിരിക്കുന്നു.
സാരമില്ല മിനി . എന്തെങ്കിലും വഴി ദൈവം കാണിച്ചു തരും. ലക്ഷ്മി ആശ്വസിപ്പിക്കാനായി പറഞ്ഞു . പക്ഷെ അതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല എന്ന് അവർക്കു 2 പേർക്കും നന്നായി അറിയാമായിരുന്നു. സുധീഷ് വേഗം Dr . മാത്യു വിന്റെ മുറിയിലേക്ക് ചെന്നു അനുമോളുടെ ഇപ്പോഴത്തെ അവസ്ഥയെയും അവളുടെ രോഗത്തിന്റെ മുഴുവൻ വിവരങ്ങളും ചോദിച്ചറിഞ്ഞു .
അവളുടെ സര്ജറിയെക്കുറിച്ചും അതിനു വേണ്ടി വരുന്ന ചിലവുകളെക്കുറിച്ചും അയാൾ ഡോക്ടറിൽ  നിന്നും ചോദിച്ചു മനസ്സിലാക്കി.  എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു എന്തായാലും കിഡ്നി കൊടുക്കാൻ ആ 'അമ്മ തയാറാണല്ലോ അല്ലേ ? അത് ആ കുഞ്ഞിന് അമ്മയുടെ കിഡ്നി മാച്ചിങ്ങും ആണല്ലോ അല്ലേ . സുധീഷ് ഡോക്ടറോട് ചോദിച്ചു
അതെ.  പൈസയുടെ കാര്യമോർത്താ അതിത്രയും നാൾ നീണ്ടുപോയതു. അല്ലെങ്കിൽ  പണ്ടേ നടത്താമായിരുന്നു.
ഡോക്ടർ പറഞ്ഞു.
 ഉം ഇനി പൈസയുടെ കാര്യമോർത്തു  അത് നീട്ടി വക്കണ്ട . എത്രയും പെട്ടെന്ന് ആ സർജറി നടത്തണം .അതിനു വേണ്ടി ചിലവാകുന്ന തുക ഞാൻ തന്നോളാം. സുധീഷ് മറുപടി കൊടുത്തു.
പക്ഷെ സുധീഷ്, ഇത്രയും അധികം തുക, അത് യാതൊരു പരിചയവും ഇല്ലാത്ത ഒരാൾക്ക് വേണ്ടി?

 ഡോക്ടർ  ഞാൻ എന്റെ കുടുംബത്തിനും വരും തലമുറക്കും ജീവിക്കാൻ ആവശ്യത്തിലധികം പണം ഇതിനകം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലം അനുഭവിക്കാൻ ദൈവം ഞങ്ങൾക്കു നൽകിയ ഞങ്ങളുടെ  പൊന്നോമന മോൾ ആണ് ഇന്ന് മരണവുമായി മല്ലിട്ടു ഇവിടെ എത്തിയത്. ദൈവത്തിന്റെ അളവറ്റ കൃപ ഇന്ന് നിങ്ങളിലൂടെ പ്രവർത്തിച്ചത് കൊണ്ട് മാത്രം ആണ് ഇന്ന് ഞങ്ങൾക്ക് ഞങ്ങളുടെ മീനൂട്ടിയെ  തിരികെ കിട്ടിയത്. അല്ലായിരുന്നെങ്കിൽ ഞാൻ ഇത്ര നാളും  ഉണ്ടാക്കിയ ഈ സമ്പത്തെല്ലാം അനുഭവിക്കാൻ ആരെങ്കിലും ഉണ്ടാകുമായിരുന്നോ ?  അതെ സമയം സമ്പത്തില്ലത്തിന്റെ പേരിൽ ഒരു കുഞ്ഞു ജീവൻ മരണവുമായി മല്ലിടുകയാണ്. അതും എന്റെ മീനൂട്ടിയുടെ അതെ പ്രായം . ഞാൻ അപ്പോൾ എങ്ങനെ ആ വേദന  കണ്ടില്ലാ എന്ന് നടിക്കും? എന്റെ മീനൂട്ടിക്കായിരുന്നു ആ അവസ്ഥ  വന്നിരുന്നതെങ്കിലോ ?  ഇന്ന് ഞാൻ ആ കുഞ്ഞിന്റെ വേദന  കാണാതിരുന്നാൽ പിന്നെ ഞാൻ ഉണ്ടാക്കിയ ആ സമ്പത്തിനെന്താ  ഡോക്ടർ ഒരു മൂല്യമുള്ളതു? അത് വെറും കടലാസ്സു കഷണങ്ങൾ മാത്രം ആകില്ലേ . അതുകൊണ്ടു ഡോക്ടർ ആ  ചികിത്സ ചെലവ്  മുഴുവൻ ഞാൻ വഹിച്ചോളാം. ഒരു പക്ഷെ അവർ എന്റെ ആരും അല്ലായിരിക്കും. പക്ഷെ നാളെ ഒരു നാൾ എന്റെ മനസാക്ഷി എന്നെ ചോദ്യം ചെയ്യാൻ ഇട  വരരുതല്ലോ.

ശരി. എല്ലാം സുധീഷിന്റെ ഇഷ്ടം പോലെ. നിങ്ങളുടെ ഈ നല്ല മനസ്സിന് ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ . ഞാൻ എന്നാൽ പോയി ഓപ്പറേഷനുള്ള ക്രമീകരണങ്ങൾ ചെയ്യട്ടെ . ഇതും പറഞ്ഞു Dr . മാത്യു അവിടെ നിന്നും പോയി.സുധീഷും അവിടെ നിന്നിറങ്ങി ലക്ഷ്മിയോട് എല്ലാം വിവരിച്ചു. അവർക്കു ഭർത്താവിന്റെ ആ തീരുമാനത്തോട് പരിപൂർണ യോജിപ്പായിരുന്നു.
അങ്ങനെ അനുമോളുടെ ഓപ്പറേഷൻ ഒക്കെ ഭംഗിയായി കഴിഞ്ഞു . അവൾപുതിയ ജീവിതത്തിലേക്ക് പതിയെ കണ്ണ് തുറന്നു. ഒപ്പം തന്നെ മിനിയും ഓപ്പറേഷന്റെ ക്ഷീണം വിട്ടു എഴുന്നേറ്റിരുന്നു. അപ്പോൾ അവരെ കാണാൻ  സുധീഷും ലക്ഷ്മിയും മീനൂട്ടിയും വന്നു. എങ്ങനെ നന്ദി പറയണം എന്നറിയാനാവാതെ മിനി അവരുടെ മുന്നിൽ തൊഴു കൈകളോടെ നിന്നു.

 എല്ലാം ഒരു നിമിത്തമായേ ഞാൻ കാണുന്നുള്ളൂ . സുധീഷ് പറഞ്ഞു തുടങ്ങി. മീനൂട്ടിക്ക് അപകടം പറ്റാനും അത് വഴി ഞാൻ ഇവിടെ എത്താനും അനു മോളുടെ അവസ്ഥ കാണാനും ഒക്കെ.. ഗീതയിൽ പറയുമ്പോലെ സംഭവിച്ചതെല്ലാം നല്ലതിന് . അല്ലെ അനു  മോളെ ? അതെ അങ്കിൾ . ദൈവം ഒന്നും കാണാതെ ഇരിക്കില്ലല്ലോ . എന്റെ 'അമ്മ എന്ത് മാത്രം എനിക്ക് വേണ്ടി പ്രാര്ഥിച്ചതാണെന്നോ? പാവം എന്നും കരയുമായിരുന്നു എന്റെ അസുഖം മാറാൻ വേണ്ടി. 'അമ്മ പറയുമ്പോലെ  ഹാഗാറിന്റെ മുന്നിൽ ദൈവം കാണിച്ചു കൊടുത്ത മരുപ്പച്ച പോലെ ആണ് ഇപ്പോൾ ഞങ്ങൾക്ക് മുന്നിൽ അങ്കിളും ആന്റിയും മീനൂട്ടിയും .
ഒരു ദൈവത്തിനും ലോകത്തു ഒരു അമ്മയുടെയും മക്കൾക്കു വേണ്ടി ഉള്ള കണ്ണുനീർ കാണാതിരിക്കാൻ ആവില്ല മോളേ  . അവിടെ അവൻ അഗ്നിയായും വെള്ളമായും നായായും നരനായും അവതരിക്കും. ലക്ഷ്മി പറഞ്ഞു.

ശരിയാ വേണമെങ്കിൽ ഒരു ആക്സിഡന്റ് ആയും. മീനൂട്ടി അത് പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു. ഒപ്പം ഒരു പുതു ജീവിതത്തിലേക്കുള്ള കാൽവയ്‌പും .