Sunday, 21 January 2018

മാ നിഷാദാ ...

മാ നിഷാദാ ...



"ഈശ്വരാ, മീനൂട്ടി ഇതേവരെ എത്തിയില്ലല്ലോ." 

  അമ്പിളി വഴിക്കണ്ണുമായി  ആധിയോടെ നോക്കി നിന്നു. എന്ത് പറ്റി മോളെ? അമ്പിളിയുടെ നിൽപ് കണ്ടു മീനൂട്ടിയുടെ അച്ഛമ്മ  പുറത്തേക്കു വന്നു.

 "അല്ല അമ്മേ, മീനൂട്ടി വരേണ്ട സമയം കഴിഞ്ഞു. എന്നിട്ടും അവളെ കാണുന്നില്ലല്ലോ? "

"നീ ഇങ്ങനെ ആധി പിടിക്കല്ലേ. വഴിയരികിൽ വല്ല പൂച്ചയേയോ പൂമ്പാറ്റയെയോ നോക്കി നില്കുവായിരിക്കും. നീ അകത്തു പോയി കുഞ്ഞിന് വല്ലതും കഴിക്കാൻ എടുത്തു വയ്ക്കു . അപ്പോഴേക്കും അവൾ ഇങ്ങെത്തും."
അങ്ങനെ മകളെ പറഞ്ഞാശ്വസിപ്പിച്ചു  അകത്തേക്ക് വിട്ടെങ്കിലും ദേവൂട്ടി അമ്മയുടെ മനസിലും ഒരു ആധി കയറി. അമ്പിളി പറഞ്ഞത് ശരിയാണ്. മീനൂട്ടി വരേണ്ട സമയം കഴിഞ്ഞു. സ്കൂൾ ബസിൽ ആയിരുന്നു വരവ്. പക്ഷെ സ്കൂൾ ബസ് അപ്പുറത്തെ ജംഗ്ഷൻ വരെയേ വരൂ. പിന്നെയും അവൾ ഇറങ്ങി നടക്കണം. കാര്യം പറഞ്ഞാൽ ഒരു 5 മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ. പക്ഷെ കാലം വല്ലാത്തകാലമാണ്. ചോരക്കുഞ്ഞിനെ പോലും കാമഭ്രാന്തന്മാർ വെറുതെ വിടില്ല. ദൈവമേ എന്റെ കുഞ്ഞിനൊരാപത്തും  വരുത്തല്ലേ ഭഗവതി. ദേവൂട്ടി 'അമ്മ മനസ്സുരുകി പ്രാർത്ഥിച്ചു.

"അമ്മേ മീനൂട്ടി വന്നോ?" ഇതും ചോദിച്ചു കൊണ്ട് അമ്പിളി ഉമ്മറത്തേക്ക് വന്നു. അമ്പിളിയുടെ ആ ചോദ്യം ദേവൂട്ടി അമ്മയെ ചിന്തയിൽ നിന്നും ഉണർത്തി . അവർ ഒന്നുടെ ഗേറ്റിനടുത്തേക്കു നോക്കി. ഇല്ല മീനൂട്ടി അവിടെങ്ങും ഇല്ല. "ഇല്ല മോളെ". അവർ ദയനീയമായി അമ്പിളിയെ നോക്കി.
 ഈശ്വര എന്റെ മോൾ ... അമ്പിളി ഒന്നും പറയാനാവാതെ കസേരയിലേക്ക് ഇരുന്നു. നീ ഇങ്ങനെ ടെൻഷൻ ആകാതെ . ഞാൻ അച്ഛനോടൊന്നു ആ ജംഗ്ഷൻ  വരെ ഒന്ന് പോയി നോക്കാൻ പറയാം. ചിലപ്പോൾ ബസ് വല്ലയിടത്തും കേടായിട്ടു താമസിക്കുന്നതാകും. നീ ആധി  കയറി വല്ലതും വരുത്തി വയ്ക്കാതെ. ഇതും പറഞ്ഞു ദേവൂട്ടി 'അമ്മ അച്ഛനെ വിളിക്കാനായി അകത്തേക്ക് കയറിപ്പോയി.

                              ഗൾഫിൽ ആണ് മീനൂട്ടിയുടെ അച്ഛൻ രാജീവ്. അമ്പിളിയും മോളും അവിടെ ആയിരുന്നു. അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആണ് അയാൾ. അമ്പിളിയും അവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ മോളുണ്ടായി കഴിഞ്ഞപ്പോൾ അവളെ നോക്കാനുള്ള സൗകര്യത്തെ പ്രതി അമ്പിളി ആ ജോലി വിട്ടു. എന്നാലും ഒരാളുടെ ശമ്പളത്തിൽ അവർ വലിയ കുഴപ്പമില്ലാതെ ജീവിച്ചു വരികയായിരുന്നു. പക്ഷെ എണ്ണ വില വില കുറഞ്ഞതിനെ തുടർന്നുള്ള സാമ്പത്തീക മാന്ദ്യവും വർധിച്ച ജീവിത ചെലവും, കൂടെ നികുതിയും  ആയതോടെ  മറ്റേതു പ്രവാസിയുടെയും പോലെ തന്നെ രാജീവിന്റെയും ജീവിതത്തിന്റെ സാമ്പത്തീക ഭദ്രതയുടെ താളം തെറ്റിച്ചു . അങ്ങനെ ആണ് മനസ്സില്ലാ മനസ്സോടെ അയാൾ അമ്പിളിയെയും മോളെയും നാട്ടിലേക്ക് അയച്ചത്. നാട്ടിൽ വയസായ അച്ഛനും അമ്മയ്ക്കും അമ്പിളി ഒരു സഹായമാകുമല്ലോ എന്നതായിരുന്നു ഏക ആശ്വാസം. വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു സ്കൂളിൽ മീനൂട്ടിയെ ചേർത്തു.  വീടിന്റെ അടുത്തുള്ള ചില കുട്ടികൾ കൂടെ മീനൂട്ടിയുടെ സ്കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. പോക്കും വരവും അവരുടെ കൂടെ ആയിരുന്നു. 

 "മോളേ നീ പേടിക്കേണ്ട. ഞാൻ പോയി നോക്കിയിട്ടു വരാം." അച്ഛന്റെ ആ വാക്കുകൾ അമ്പിളിയെ ചിന്തയിൽ നിന്നും തിരികെ കൊണ്ട് വന്നു. അച്ഛൻ ഇതും പറഞ്ഞു പതിയെ മുറ്റത്തേക്കിറങ്ങി. എന്നിട്ടു തിരികെ നിന്ന്: "ആ ഇനി നീ ഇപ്പോൾ തന്നെ അവനെ ഇതൊന്നനും വിളിച്ചു പറയാൻ നിക്കണ്ട. അവൻ വെറുതെ പേടിക്കും.. ഒന്നാമത് മോൾ എന്ന് പറഞ്ഞാൽ അവനു ജീവനാ . വെറുതെ അവരെ കൂടെ ടെൻഷൻ അടിപ്പിക്കണ്ട. എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ. ആട്ടെ നിന്റെ കൈയിൽ ആ സ്കൂൾ ബസ് ഡ്രൈവറുടെ നമ്പർ ഇല്ലേ? അയാളെ ഒന്ന് വിളിച്ചു നോക്കിയേ. ഇനി ബസ് വല്ലയിടത്തും ബ്രേക്ക് ഡൌൺ ആണ് കിടക്കുവാണെങ്കിലോ?"

ആ ശരിയച്ഛാ. അവൾ അതും പറഞ്ഞു അകത്തു പോയി  വന്നു സ്കൂൾ ബസ്   ഡ്രൈവറെ  വിളിക്കാൻ തുടങ്ങി .

 അമ്പിളി : "ഹലോ ഞാൻ മീനാക്ഷിയുടെ അമ്മയാ . ബസ് ഇതേവരെ എന്താ  വരാത്തത്?"

ഡ്രൈവർ: "ബസ് എന്നും വരുന്ന സമയത്തു വന്നു പോയല്ലോ ചേച്ചി: ഞാൻ മീനാക്ഷിയെ ഇറക്കി വിട്ടല്ലോ."

അമ്പിളി: "ങേ ഇറക്കിവിട്ടെന്നോ? പക്ഷെ മീനൂട്ടി ..അവൾ ഇതേവരെ ഇവിടെ എത്തിയില്ലല്ലോ.. ഈശ്വരാ  എന്റെ കുട്ടി."

 ഡ്രൈവർ. അയ്യോ ചേച്ചി. ടെൻഷൻ ആകാതെ. അവൾ ചിലപ്പോൾ അവിടെ വല്ലയിടത്തും കളിച്ചോണ്ടു നില്പുണ്ടാകും. മീനൂട്ടിയുടെ അച്ഛച്ച നോടൊന്നു പോയി നോക്കാൻ പറയു. 
ഇതും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു. 

"അച്ഛാ'  ... ഒരു തേങ്ങലോടെ അമ്പിളി അച്ഛനെ വിളിച്ചു . 

"എന്ത് പറ്റി മോളെ? അയാൾ എന്ത് പറഞ്ഞു? " അച്ഛൻ  ചോദിച്ചു .

"ബസ് പതിവ് സമയത്തു തന്നെ വന്നു പോയെന്നു. മീനൂട്ടിയെ അയാൾ എന്നും ഇറക്കുന്ന അതെ സമയത്തു തന്നെ ഇറക്കി വിട്ടെന്ന്. " അമ്പിളി പറഞ്ഞു 

'അപ്പോൾ എന്റെ മോൾ?" ഇത് കേട്ട് 'അമ്മ ഒരു ഏങ്ങലോടെ  ചോദിച്ചു.

നിങ്ങൾ 2 പേരും കൂടെ ഇങ്ങനെ ടെൻഷൻ ആകാതെ. എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ. ഇതും പറഞ്ഞു രാജീവിന്റെ അച്ഛൻ ജംഗ്ഷനിലേക്കു പോയി. പക്ഷെ അവിടെ എങ്ങും അവർക്കു മീനൂട്ടിയെ  കണ്ടെത്താൻ ആയില്ല. അതോടൊപ്പം തന്നെ അമ്പിളി മീനൂട്ടിയുടെ കൂടെ പോകാറുള്ള കുട്ടികളുടെ വീടുകളിൽ അന്വേഷിച്ചു. അതിൽ മീനൂട്ടിയുടെ വീട് കഴിഞ്ഞു പോകുന്ന കുട്ടി അന്ന് അസുഖം വന്നതിനാൽ സ്കൂളിൽ പോയില്ല. മറ്റു കുട്ടികളുടെ കൂടെ മീനൂട്ടി ബസ് ഇറങ്ങി വന്നതാണ്. പക്ഷെ അവരവരുടെ വീടെത്തിയപ്പോൾ അവർ പോയി. അവസാനം മീനൂട്ടി തനിച്ചായി. അത് കഴിഞ്ഞു എന്താണെന്നു പറ്റിയതെന്ന് അവർക്കും അറിയില്ല.ഇത് കൂടെ കേട്ടപ്പോൾ അവർ ഉറപ്പിച്ചു അവരുടെ മീനൂട്ടിക്കു  അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു. അതോടുകൂടി അമ്പിളി കുഴഞ്ഞു വീണു. ദേവൂട്ടി അമ്മയും തളർന്നിരിപ്പായി. നാട്ടുകാർ സംഘം ചേർന്ന് അന്വേഷണം ആരംഭിച്ചു.

പക്ഷെ ഇതൊന്നും അറിയാതെ രാജീവയാളുടെ ജോലി തിരക്കിൽ ആയിരുന്നു. പതിവ് പോലെ ജോലി കഴിഞ്ഞു അയാൾ റൂമിൽ എത്തി ഫ്രഷ് ആയി ഭാര്യയെയും മകളെയും വിളിച്ചു. പക്ഷെ അന്ന് അമ്പിളിക്ക് പകരം ഫോൺ എടുത്തത് അമ്പിളിയുടെ  'അമ്മ ആയിരുന്നു.

രാജീവ്: "ആഹാ 'അമ്മ എപ്പോൾ വന്നു? 'അമ്മ വരുന്ന കാര്യം അമ്പിളി ഒന്നും പറഞ്ഞിരുന്നില്ലല്ലോ."
'അമ്മ: "ഞാൻ  വൈകിട്ടാ മോനെ എത്തിയത്." 
അമ്മയുടെ സുഖ വിവിയരങ്ങൾ അന്വേഷിച്ച ശേഷം രാജീവ് അമ്പിളിയെ അന്വേഷിച്ചു 
'അമ്മ: "അമ്പിളിക്ക് നല്ല സുഖമില്ല . അതുകൊണ്ടു  അവൾ കിടക്കുവാന് മോനെ. ഞാൻ നിന്നെ പിന്നീട് വിളിക്കാൻ പറയാം ". കാരണം അവർ എത്രയും വേഗം ആ സംഭാഷണം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. ഇതൊന്നും രാജീവിനെ അറിയിക്കരുതെന്നു എല്ലാവരും പറഞ്ഞിട്ടുളളതാണ്. കടലിനക്കരെ കിടക്കുന്ന അവനും കൂടെ വെറുതെ ആധി കയറ്റണ്ടല്ലോ എന്ന് കരുതി. മോളെ ഇപ്പോൾ കിട്ടും എന്ന ഒരു പ്രതീക്ഷ എല്ലാവര്ക്കും ഉണ്ടായിരുന്നു 

രാജീവ്: "അയ്യോ എന്ത് പറ്റി  അമ്പിളിക്ക്? 'അമ്മ പതിവില്ലാതെ എത്തി എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നി എന്തോ വയ്യായ്ക ഉണ്ടല്ലോ എന്ന്. മീനൂട്ടി എവിടെ?"

'അമ്മ: "ഹേയ് അമ്പിളിക്ക് ഒന്നും പറ്റിയില്ല മോനെ. അവൾക്കെന്തോ തലവേദന ആണെന്നും പറഞ്ഞു കിടന്നത്. കുറച്ചു കഴിയുമ്പോൾ എഴുന്നേൽക്കും. അപ്പോൾ നിന്നെ വിളിക്കാൻ പറയാം. മീനൂട്ടി അമ്മയുടെ കൂടെ കയറിക്കിടന്നു ഉറങ്ങി പോയി." ഇനി എന്ത് നുണ പറയും എന്നറിയാതെ അവർ കുഴങ്ങി.

രാജീവ്: "അയ്യോ മീനൂട്ടിയും ഉറങ്ങിയോ? അച്ഛന്റെ ഒച്ച കേൾക്കാതെ എന്റെ മോൾ ഉറങ്ങുന്നതല്ലല്ലോ. ഇന്നെന്തു പറ്റി അവൾക്കു?"

'അമ്മ : "അവൾ വെറുതെ അമ്പിളിയുടെ കൂടെ കയറി കിടന്നതാ. സ്കൂളിൽ പോയി വന്നതിന്റെ ക്ഷീണം കാണും. അങ്ങനെ കിടന്നുറങ്ങി പോയതാ. കുറച്ചു കഴിഞ്ഞു രണ്ടു പേരും എഴുന്നേൽക്കും അപ്പോൾ വിളിക്കാൻ പറയാം."

രാജീവ്: "ആ ശരിയമ്മേ. എന്നാൽ ഞാൻ വെക്കട്ടെ . എല്ലാവരോടും അന്വേഷണം പറഞ്ഞേരെ. "

'അമ്മ: "ശരി മോനെ."

ഇതും പറഞ്ഞു അവർ ആ സംഭാഷണം അവസാനിപ്പിച്ചു. 

'അമ്മ: "ഹോ സമാധാനമായി. ഇനിയും രാജീവ് എന്തെങ്കിലും ചോദിച്ചാൽ ഞാൻ സത്യം പറഞ്ഞു പോകുമായിരുന്നു. എന്തായാലും അതിനു മുന്നേ അവൻ കട്ട് ചെയ്തു."
"അയ്യോ ചേച്ചി രാജീവ് ഇപ്പോൾ ഒന്നും അറിയണ്ട. വെറുതെ എന്തിനാ അവൻ ടെൻഷൻ അടിക്കുന്നെ?" രാജീവിന്റെ ഇളയമ്മയാണ്  അത് പറഞ്ഞതു .

പക്ഷെ രാത്രി മുഴുവൻ സംഘം ചേർന്ന്  അന്വേഷിച്ചിട്ടും അവർക്കു മീനൂട്ടിയുടെ ഒരു വിവരവും കിട്ടിയില്ല. ഇതിനിടയിൽ അമ്പിളി വിളിക്കാത്തതിനാൽ രാജീവ് വീണ്ടും വിളിച്ചു. അപ്പോൾ ഇളയച്ഛൻ ആണ്  ഫോൺ എടുത്തത്. വേറെ നിവൃത്തി ഇല്ലാത്തതിനാൽ അവർക്കു രാജീവിനോട് സത്യം തുറന്നു പറയേണ്ടി വന്നു. അത് കേട്ട രാജീവ് തളർന്നു പോയി. ആ പാതിരാത്രിയിൽ ഏഴാം കടലിന്റെ അക്കരെ ഇരുന്നു എന്ത് ചെയ്യേണ്ടു എന്ന അവസ്ഥയായി. അപ്പോഴേക്കും അവന്റെ സുഹൃത്തുക്കൾ വിവരം അറിഞ്ഞു സഹായത്തിനായി എത്തി. അവർ ഉടനെ തന്നെ അയാളുടെ കമ്പനിയിൽ വിളിച്ചു പറയുകയും ലീവ് ശരിയാക്കി പിറ്റേന്ന് രാവിലെ തന്നെ ഉള്ള ഫ്ലൈറ്റിൽ നാട്ടിലേക്കുള്ള ടി ക്കറ്റ് എടുത്തു കൊടുത്തു. രാജീവിന്റെ പിന്നെ ഉള്ള കാര്യങ്ങൾ എല്ലാം തികച്ചും യാന്ത്രികമായിരുന്നു. അവന്റെ മനസ്സിൽ അവന്റെ മീനൂട്ടിയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ മീനൂട്ടിക്ക് ഒരാപത്തും വരുത്തരുതേ എന്ന് അവൻ അറിയാവുന്ന ദൈവങ്ങനെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു. അതിരാവിലെ തന്നെ രാജീവിന്റെ സുഹൃത്തുക്കൾ അയാളെ എയർപോർട്ടിൽ കൊണ്ട് പോയി നാട്ടിലേക്ക് കയറ്റി വിട്ടു.

നാട്ടിൽ ഒരു രാത്രി മുഴുവൻ അന്വേഷിച്ചിട്ടും അവർക്കു മീനൂട്ടിയെ കണ്ടുകിട്ടിയില്ല. രാത്രിയിൽ തന്നെ അവർ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുകയും പോലീസിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. പക്ഷെ ഒന്നുമൊന്നും ഫലം കണ്ടില്ല എന്ന് മാത്രം. ഉച്ചയാകാറായപ്പോഴേക്കും രാജീവും എത്തി. അമ്പിളിയെ കണ്ടതും അതുവരെ അടക്കിവച്ചിരുന്ന അയാളുടെ സകല നിയന്ത്രണവും വിട്ടു അയാൾ പൊട്ടിക്കരഞ്ഞു. അവരെ ഇരുവരെയും ആശ്വപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ആവുന്നത്ര ശ്രമിച്ചു.

പിന്നീട് ബന്ധുക്കളുമായി ചേർന്ന് രാജീവ് പോലീസ് സ്റ്റേഷനിൽ പോയി വിവരങ്ങൾ അറിഞ്ഞു. അത് കഴിഞ്ഞു അയാൾ എല്ലാവരോടും കൂടെ ചേർന്ന് തന്റെ പൊന്നോമനക്കായുള്ള അന്വേഷണം തുടങ്ങി. അവർ അടുത്തുള്ള കുളങ്ങളും പുഴകളും കാടുകളും അരിച്ചു പെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല . ഇനി എവിടെ, എങ്ങനെ തുടരണം എന്ന് അറിയാതെ  നേരം നന്നായി ഇരുട്ടിയപ്പോൾ അവർ അന്നത്തെ അന്വേഷണമെല്ലാം നിർത്തി വീട്ടിൽ എത്തി. പക്ഷെ ആ വീട് അപ്പോൾ ഒരു മരണവീടിനു തുല്യമായിരുന്നു. എങ്ങനെ എങ്കിലും നേരം പുലർന്നു കിട്ടിയാൽ വീണ്ടും അന്വേഷണം തുടരാൻ വേണ്ടി അവർ കാത്തിരുന്നു.

 പിറ്റേന്ന് നേരം പുലർന്നപ്പോൾ തന്നെ അവർ വീണ്ടും അന്വേഷണം തുടങ്ങി. അപ്പോഴേക്കും നാട്ടുകാരിൽ ഒരാളായ ചന്ദ്രൻ  അവരുടെ വീട്ടിലേക്കു ഓടിക്കിതച്ചെത്തി.

"എന്താ ചന്ദ്രാ, എന്ത് പറ്റി ?" രാജീവിന്റെ അച്ചൻ ചോദിച്ചു .

'അത്.. അത് പിന്നെ..' അയാൾ  പറയാൻ അല്പം മടി കാണിച്ചു. 

"നീ കാര്യമെന്താണെന്നു വെച്ചാൽ തെളിച്ചു പറ ചന്ദ്രാ." അച്ഛൻ  പറഞ്ഞു .

"അത് പിന്നെ ആ പുഴക്കക്കരെ ഉള്ള പൊന്തക്കാട്ടിൽ..." അയാൾ അതു പറഞ്ഞു തീരും മുൻപേ രാജീവും കൂട്ടരും അങ്ങോട്ട് തിരിച്ചു. അവിടെ ചെല്ലുമ്പോഴേക്കും നാട്ടുകാർ മുഴുവൻ അവിടെ കൂടിയിരുന്നു. അവർക്കിടയിലൂടെ ചെന്ന് രാജീവ് ആ കാഴ്ച കണ്ടു. അയാൾ ഒന്നേ നോക്കിയുള്ളൂ. കാക്കക്കും പരുന്തിനും കൊടുക്കാതെ താൻ ഓമനിച്ചു വളർത്തിയ തന്റെ മീനൂട്ടിയുടെ ശരീരം ഏതോ മനുഷ്യ മൃഗങ്ങൾ വലിച്ചു കീറിയിട്ടിരിക്കുന്നു...

"മീനൂട്ടി..." അയാൾ ഉറക്കെ നിലവിളിച്ചു. 

"എന്ത് പറ്റി രാജീവേട്ടാ? " രാജീവിന്റെ ഉറക്കത്തിലുള്ള നിലവിളി കേട്ട് ഉണർന്ന അമ്പിളി ചോദിച്ചു. അപ്പോൾ ആണ് താൻ കണ്ടത് മുഴുവൻ ഒരു ദുസ്വപ്നം ആയിരുന്നെന്നു അയാൾക്കു മനസ്സിലായത്. 

"മീനൂട്ടി? മീനൂട്ടി എന്തിയേ ? "അയാൾ ചോദിച്ചു.

 "മീനൂട്ടി അല്ലേ ഈ കിടന്നുറങ്ങുന്നത്." അമ്പിളി മീനൂട്ടിയെ ചൂണ്ടി പറഞ്ഞു. 

"എന്താ പറ്റിയെ രാജീവേട്ടന്? വല്ല ദുസ്വപ്നവും കണ്ടോ?"

"ഉം..." അയാൾ ഒന്നമർത്തി മൂളുകമാത്രം ചെയ്തു. 

"വേണ്ടാത്തതൊന്നും ആലോചിക്കാതെ കിടന്നുറങ്ങു." ഇതും പറഞ്ഞു അമ്പിളി തിരിഞ്ഞു കിടന്നു.

ഇല്ലാ ... എന്തൊക്കെ കഷ്ടപ്പാട് വന്നാലും ഞാൻ എന്റെ മോളെ കഴുകന്മാർക് ഇട്ടു കൊടുക്കില്ല.അല്പം ഞെരുങ്ങിയിട്ടാണേലും  ഈ മരുഭൂമിയിൽ ജീവിക്കുമ്പോൾ എന്റെ ഭാര്യയും മോളും സുരക്ഷിതരാണ്. പക്ഷേ  ജനിച്ചു വളർന്ന നാട്ടിൽ അവരെ കൊത്തികൊണ്ടു പോകാൻ കഴുകൻ കണ്ണുകളുമായി മനുഷ്യ മൃഗങ്ങൾ കാത്തിരിക്കുകയാണ്. ഇല്ല!!!അവർക്ക്  ഞാൻ ഇവരെ ഒരിക്കലും വിട്ടു കൊടുക്കില്ല. എന്ത് വന്നാലും കൊടുക്കില്ല ഇതും പറഞ്ഞു അമ്പിളിയെയും മീനുട്ടിയെയും ചേർത്ത് പിടിച്ചു അയാൾ വീണ്ടും ഉറങ്ങാൻ കിടന്നു.. നല്ല സ്വപ്നങ്ങൾക്കായി...

*********************************************************************************